ബോക്സ് ഓഫീസിൽ ഷണ്മുഖ ഭരണം; ‘തുടരും’ ആദ്യ ദിന ആഗോളതല കളക്ഷൻ റിപ്പോർട്ട് പുറത്ത്…

മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം “തുടരും” ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. ആദ്യ ദിനം ആഗോള തലത്തിൽ നിന്ന് ചിത്രം നേടിയത് 16 കോടി 65 ലക്ഷം രൂപയോളം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് “തുടരും” ഇടം പിടിച്ചത്. ഇതൊടു കൂടി ഓപ്പണിംഗ് കളക്ഷനിൽ ആദ്യ അഞ്ചിൽ നാലും മോഹൻലാൽ ചിത്രങ്ങൾ ആയി മാറിയിരിക്കുകയാണ്.
ആദ്യ ദിനം 16 കോടി 20 ലക്ഷം ആഗോള ഗ്രോസ് നേടിയ മമ്മൂട്ടി ചിത്രം ടർബോയെ ആണ് “തുടരും” മറികടന്നത്. കേരളത്തിൽ നിന്ന് 5.1 കോടിക്ക് മുകളിൽ നേടിയ ചിത്രം നേടിയ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് 1 കോടിയോളമാണ്. വിദേശത്തു നിന്ന് ഏകദേശം 10.65 കോടിയുടെ അടുത്താണ് ചിത്രം നേടിയ ഗ്രോസ് എന്നാണ് വിവരം.
ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് ആഗോള തലത്തിൽ തന്നെ കൂടുതൽ സ്ക്രീനുകളും ഷോകളും കൂട്ടിച്ചേർക്കുകയാണ്. ഇപ്പോഴത്തെ ട്രെൻഡ് പ്രകാരം ആദ്യ വീക്കെൻഡിൽ തന്നെ ചിത്രം 60 കോടി ഗ്രോസ് പിന്നിട്ടേക്കാമെന്നാണ് സൂചന. എമ്പുരാൻ (67 കോടി), മരക്കാർ (20.4 കോടി), കുറുപ്പ് (19.2 കോടി), ഒടിയൻ ((18.1 കോടി) എന്നിവയാണ് ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ “തുടരും” എന്ന ചിത്രത്തിന് മുന്നിലുള്ളത്.
തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രം രചിച്ചത് അദ്ദേഹവും കെ ആർ സുനിലും ചേർന്നാണ്, രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിച്ച ഈ ചിത്രത്തിൽ ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, തോമസ് മാത്യു, മണിയൻ പിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, അബിൻ ബിനോ, ഷൈജു അടിമാലി, ഭാരതിരാജ എന്നിവരും വേഷമിട്ടിട്ടുണ്ട്.
