തലയുടെ ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സ് ഓഫീസ് ഭരിക്കുന്നു; ചിത്രത്തിന് പുതിയ ബോക്സ് ഓഫീസ് റെക്കോർഡ്…

തല അജിത് കുമാറിൻ്റെ ‘ഗുഡ് ബാഡ് അഗ്ലി’ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഒരു ‘പൊളി വൈബ്’ ചിത്രം തീർക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അജിത് കുമാറിൻ്റെ സ്ക്രീൻ പ്രസൻസും, തകർപ്പൻ ഡയലോഗ് ഡെലിവറിയും, സ്റ്റൈലിഷായുള്ള വരവുമെല്ലാം ആരാധകർക്ക് ഒരു വിരുന്നാണ്. അദ്ദേഹത്തിൻ്റെ മുൻകാല സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മാസ്സ് രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന പല മുഹൂർത്തങ്ങളും സിനിമയിലുണ്ട്, അവയൊക്കെയും ആരവങ്ങളോടെ ആണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രമിപ്പോൾ ഒരു റെക്കോർഡ് നേട്ടം കൂടി ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുകയാണ്.
റിലീസ് ചെയ്ത് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റായ ‘ഡ്രാഗണി’ൻ്റെ ലൈഫ് ടൈം കളക്ഷൻ മറികടന്നിരിക്കുകയാണ്. 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിക്കഴിഞ്ഞു. അഞ്ച് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ലഭ്യമായിട്ടില്ല. നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് അനുസരിച്ച് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 101.3 കോടി രൂപ ആണ് നേടിയത്. ഓവർസീസിൽ നിന്ന് 47.2 കോടിയും ചിത്രം സ്വന്തമാക്കി. അങ്ങനെ നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോളതല കളക്ഷൻ 148.5 കോടിയിൽ എത്തിയിരുന്നു. ആഗോളതലത്തിൽ ഏകദേശം 152 കോടി ആയിരുന്നു ഡ്രാഗണിന്റെ കളക്ഷൻ.
പ്രമുഖ ട്രേഡ് അനലിസ്റ്റ് വെബ്സൈറ്റ് ആയ സാക്നിൽക്ക് പുറത്തുവിട്ട സംസ്ഥാനതല കളക്ഷൻ വിവരങ്ങൾ ഇങ്ങനെയാണ്: കർണാടകയിൽ നിന്ന് 9.8 കോടി രൂപയും, ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 3.9 കോടി രൂപയും, തമിഴ്നാട്ടിൽ നിന്ന് 83.75 കോടി രൂപയും, കേരളത്തിൽ നിന്ന് 2.35 കോടി രൂപയും, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 1.5 കോടി രൂപയുമാണ് ചിത്രം നാല് ദിവസങ്ങൾ കൊണ്ട് നേടിയത്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ‘ഗുഡ് ബാഡ് അഗ്ലി’ അജിത് കുമാറിൻ്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി മാറാനുള്ള സാധ്യതകളാണ് കാണുന്നത്. നിലവിൽ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് ‘തുനിവ്’ ആണ്, ഏകദേശം 200 കോടിയാണ് ഈ സിനിമയുടെ ആഗോള കളക്ഷൻ.
അജിത് കുമാറിൻ്റെ കടുത്ത ആരാധകനായ അധിക് രവിചന്ദ്രനാണ് ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകൻ. അജിത്തിനൊപ്പം തൃഷ കൃഷ്ണൻ, അർജുൻ ദാസ്, ജാമ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ പ്രഭു, പ്രസന്ന, കാർത്തികേയ ദേവ, പ്രിയ വാര്യർ, സുനിൽ, ജാക്കി ഷ്രോഫ്, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, ഷൈൻ ടോം ചാക്കോ, സിമ്രാൻ (അതിഥി വേഷം) തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിൽ ‘ബസൂക്ക’, ‘ആലപ്പുഴ ജിംഖാന’, ‘മരണ മാസ്’ എന്നിങ്ങനെ മൂന്ന് പ്രധാന മലയാള സിനിമകൾ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ടെങ്കിലും, ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ഇവിടെയും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അജിത് കുമാറിൻ്റെ മാസ്സ് പ്രകടനവും അധിക് രവിചന്ദ്രൻ്റെ സംവിധാനവും ജി വി പ്രകാശിൻ്റെ സംഗീതവും ഒത്തുചേർന്നപ്പോൾ ‘ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററുകളിൽ പൊളി വൈബ് തന്നെ സൃഷ്ടിക്കുകയാണ്.