സൂപ്പർ ഫൺ മോഹൻലാൽ ചിത്രവുമായി സത്യൻ അന്തിക്കാട്; നിർമ്മാണം ആശീർവാദ് സിനിമാസ്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി വീണ്ടും ഒരു ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം. സത്യൻ അന്തിക്കാടുമായി ഒരു ചിത്രം ഉടൻ ചെയ്യുമെന്ന് മോഹൻലാലും, തന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മോഹൻലാൽ ആണെന്ന് സത്യൻ അന്തിക്കാടും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടത്, സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനുമാണ്. ഇതൊരു സൂപ്പർ ഫൺ ചിത്രമായിരിക്കുമെന്നാണ് അഖിൽ സത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജസ്റ്റിൻ പ്രഭാകരൻ ആയിരിക്കും ഈ ചിത്രത്തിന് സംഗീതമൊരുക്കുക എന്ന വിവരം നേരത്തെ പുറത്ത് വിട്ടതും അഖിൽ സത്യനായിരുന്നു.
ഒൻപത് വർഷം മുൻപ് റിലീസ് ചെയ്ത ‘എന്നും എപ്പോഴും’ ആയിരുന്നു മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് അവസാനമായി ഒന്നിച്ച ചിത്രം. മഞ്ജു വാര്യർ നായികാ വേഷം ചെയ്ത് രഞ്ജൻ പ്രമോദ് രചിച്ച ആ ചിത്രം നിർമ്മിച്ചതും ആശീർവാദ് സിനിമാസ് ആയിരുന്നു. ഈ വർഷം ആരംഭിക്കാൻ പോകുന്ന പുതിയ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം രചിക്കുന്നതും സംവിധായകൻ തന്നെയാണെന്ന് സൂചനയുണ്ട്.
ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, അപ്പുണ്ണി, രേവതിക്കൊരു പാവക്കുട്ടി, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, പിൻഗാമി, രസതന്ത്രം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ട്, വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർക്കും സിനിമാ പ്രേമികൾക്കും പ്രതീക്ഷകളേറെയാണ്.