നിഷ്കളങ്കമായി ചിരിയോടെ നിവിൻ; ഫാന്റസി കോമഡി ‘സർവ്വം മായ’യുടെ ടീസർ പുറത്ത്

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന വിജയ ചിത്രത്തിന് ശേഷം സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾക്കായി കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടീസർ എത്തി. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം ഫാന്റസിയും കോമഡിയും ഹൊററും ചേർന്നൊരു ദൃശ്യവിരുന്നായിരിക്കുമെന്ന സൂചനകളാണ് ടീസർ നൽകുന്നത്. നിവിൻ പോളിയും അജു വർഗീസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കും ‘സർവ്വം മായ’ എന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കാര്യഗൗരവത്തോടെ എന്തോ അന്വേഷിച്ചിറങ്ങുന്ന നിവിൻ പോളിയെയും, പിന്നീട് നിഷ്കളങ്കമായി ചിരിക്കുന്ന മറ്റൊരു ഭാവത്തിലും ടീസറിൽ കാണാം. ആകാംക്ഷയും കൗതുകവും ഒരുപോലെ നിറച്ചാണ് ടീസർ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ട് ഒന്നിക്കുന്ന പത്താമത്തെ സിനിമയാണിത്. സ്വാഭാവിക നർമ്മരംഗങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന അഖിൽ സത്യന്റെ സംവിധാന മികവും, നിവിൻ-അജു ജോഡിയുടെ കോമഡി ടൈമിംഗും ചേരുമ്പോൾ ചിരിയുടെ പുതിയൊരു ലോകം തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. ചിത്രത്തിലെ സംഗീതത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം ഒരുക്കുന്നത്.
ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിവിനും അജുവിനും പുറമെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകൻ അഖിൽ സത്യൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.