ഇത് അയാളുടെ കാലമല്ലേ; രാവണപ്രഭു റീ റിലീസിന് അമ്പരപ്പിക്കുന്ന സ്വീകരണം, മോഹൻലാൽ യുഗം “തുടരും”

മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ക്ലാസിക് മാസ്സ് ചിത്രം “രാവണപ്രഭു” 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്തപ്പോൾ ലഭിക്കുന്നത് അമ്പരപ്പിക്കുന്ന സ്വീകരണം. ഒക്ടോബർ പത്തിന് കേരളത്തിലെ 170 ഓളം സ്‌ക്രീനുകളിൽ റീ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ ഇന്ന് വൈകുന്നേരം ആറ് മണിക്ക് എറണാകുളം കവിത തീയേറ്ററിൽ ആരംഭിച്ചു. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ചിത്രം കാണാനായി ഇരച്ചെത്തിയപ്പോൾ ആയിരത്തിലധികം സീറ്റുകളുള്ള കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ സ്‌ക്രീനുകളിലൊന്ന് നിറഞ്ഞു കവിഞ്ഞു.
പിന്നീട് തീയറ്ററിൽ കണ്ടത് ആഘോഷത്തിൻെറ കൊടുങ്കാറ്റാണ്. തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ മോഹൻലാൽ പൂരപ്പറമ്പാക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്നത്. നാളത്തേക്കുള്ള ചിത്രത്തിന്റെ അഡ്വാൻസ് സെയിൽസ് മാത്രം 25 ലക്ഷം പിന്നിട്ടു എന്ന് മാത്രമല്ല, ബുക്ക് മൈ ഷോയിലും ചിത്രം ട്രെൻഡിങ് ആയി നിൽക്കുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാമുംബൈ എന്നീ നാലു റീ റിലീസ് സൂപ്പർ വിജയങ്ങൾക്ക് ശേഷം എത്തുന്ന മോഹൻലാൽ റീ റിലീസാണ് രാവണപ്രഭു.
ചിത്രം 4K അറ്റ്മോസിൽ റീ റിലീസ് ചെയ്ത് എത്തിക്കുന്നത് മാറ്റിനി നൗ ടീം ആണ്. 2001 ൽ റിലീസ് ചെയ്ത് മലയാളത്തിലെ ഇയർ ടോപ്പർ ഹിറ്റ് ആയി മാറിയ രാവണപ്രഭു രചിച്ചു സംവിധാനം ചെയ്തത് രഞ്ജിത് ആണ്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
കേരളത്തിൽ മോഹൻലാലിന് മാത്രം സാധിക്കുന്ന തീയേറ്റർ ആധിപത്യമാണ് രാവണപ്രഭു റീ റിലീസ് പ്രീമിയറും ചിത്രത്തിന് ലഭിക്കുന്ന ടിക്കറ്റ് ബുക്കിങ്ങും കാണിച്ചു തരുന്നത്. ഈ വർഷം ഇരുനൂറു കോടി ക്ലബിൽ രണ്ടു ചിത്രങ്ങളും ഹൃദയപൂർവം എന്ന ബ്ലോക്ക്ബസ്റ്ററും ഛോട്ടാമുംബൈ എന്ന റീ റിലീസ് സൂപ്പർഹിറ്റും, ഒപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡും സ്വന്തമാക്കിയ മോഹൻലാൽ തന്റെ അപ്രമാദിത്യം മോളിവുഡിൽ തുടരുകയാണ്.