അടിമുടി മാറ്റങ്ങളോടെ ‘ബാബ’ റീ റിലീസിന് ഒരുങ്ങുന്നു; രജനികാന്ത് ഡബ്ബിങ് പൂർത്തിയാക്കി…

2002ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമായ ‘ബാബ’ റീ റിലീസിന് ഒരുങ്ങുക ആണ്. 20 വർഷങ്ങൾക്ക് മുൻപ് സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ പ്രതീക്ഷകളോടെ ആയിരുന്നു തിയേറ്ററുകളിൽ എത്തിയത് എങ്കിലും ബോക് ഓഫീസിൽ ഫ്ലോപ്പ് ആയി മാറുകയായിരുന്നു. എന്നാൽ ഇന്ന് ഈ ചിത്രത്തിന് വലിയ ഫാൻ ബേസ് തന്നെ ഉണ്ട്. രാജനികാന്തിനും വളരെ പ്രിയപ്പെട്ട ചിത്രമാണ് ഇത്. രജനികാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12ന് ഈ ചിത്രത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം. ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഡബ്ബിങ് രജനികാന്ത് പൂർത്തിയാക്കിയിരിക്കുന്നു എന്ന അപ്‌ഡേറ്റ് ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ഡബ്ബിങ് ചെയ്യുന്ന രജനികാന്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിലേക്ക് പുതിയതായി ചേർത്ത സീനുകൾ ആണ് ഡബ്ബ് ചെയ്തത് എന്നും റിപ്പോർട്ട് ഉണ്ട്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയ എആർ റഹ്മാൻ റീ മാസ്റ്റർ ചെയ്യാനായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗിനായി നിർമ്മാതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. വളരെ ദൈർഘ്യമുള്ളത് ആയിരുന്നു 2002ലെ ബാബ. പുതിയ രീതിയിൽ എഡിറ്റിംഗ് ചെയ്ത് ഈ പ്രശ്നവും പുതിയ പതിപ്പിൽ പരിഹരിക്കും എന്നാണ് റിപ്പോർട്ട്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓരോ ഫ്രെയിമും കളർ ഗ്രേഡിംഗ് നടത്തിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക. രജനികാന്ത് തന്നെ കഥയും തിരക്കഥയും രചിച്ച ചിത്രം കൂടിയായിരുന്നു ബാബ. നിർമ്മാണവും സൂപ്പർസ്റ്റാർ തന്നെ ആയിരുന്നു നിർവഹിച്ചത്.