‘യാര് ഹീറോ!’: ജയിലർ ടീമിനൊപ്പം ഉലകനായകനും സൂപ്പർസ്റ്റാറും; പ്രൊമോ വീഡിയോ പുറത്ത്

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ വാർത്തകളിലൊന്ന് ഇപ്പോൾ ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ, സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും, നീണ്ട 47 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ‘KHxRK’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ വൻകിട പ്രോജക്റ്റ് റെഡ് ജയന്റ് മൂവീസിന്റെ ബാനറിലാണ് അണിയറയിൽ ഒരുങ്ങുന്നത്.
സിനിമയുടെ വരവറിയിച്ചുകൊണ്ട് പുറത്തിറങ്ങിയ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. “യാര് ഹീറോ!” എന്ന പഞ്ച് ഡയലോഗോടെ പുറത്തിറങ്ങിയ വീഡിയോ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 1970-കളിൽ തമിഴ് സിനിമയിലെ അവിഭാജ്യ ജോഡികളായിരുന്ന ഇരുവരും 1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ച് അഭിനയിച്ചത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷം ഈ ഇതിഹാസ താരങ്ങൾ കൈകോർക്കുമ്പോൾ അത് ചരിത്രപരമായ ഒരു നിമിഷമായി മാറും.
‘ജയിലർ’ എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ്കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യൻ സംഗീത ലോകത്തെ മിന്നും താരം അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ജയിലർ ടീമിനൊപ്പം കമൽഹാസൻ കൂടി ചേരുമ്പോൾ ബോക്സ് ഓഫീസിൽ വലിയൊരു ചലനം തന്നെ സിനിമാ ലോകം പ്രതീക്ഷിക്കുന്നുണ്ട്.
രജനീകാന്തിനെയും കമൽഹാസനെയും ഒരേ ഫ്രെയിമിൽ എത്തിക്കാൻ സാധിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്റെ പ്രതിനിധികൾ വ്യക്തമാക്കി. ഇന്ത്യൻ സിനിമയിലെ ഈ വൈകാരിക നിമിഷം ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന. പിആർഒ: ആതിര ദിൽജിത്ത്

