തമന്നയുടെ നൃത്തച്ചുവടുകൾ വീണ്ടും തരംഗമാവുന്നു; പുതിയ ഡാൻസ് നമ്പർ ‘നഷ’ യൂട്യൂബിൽ ട്രെൻഡിംഗ്!

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരം തമന്ന ഭാട്ടിയ ബോളിവുഡിലും തൻ്റെ നൃത്ത വൈഭവത്താൽ വിസ്മയം തീർക്കുകയാണ്. അജയ് ദേവ്ഗൺ നായകനായെത്തുന്ന ‘റെയ്ഡ് 2’ എന്ന ചിത്രത്തിലെ “നഷ” എന്ന ഗാനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ഈ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും ഒമ്പത് മണിക്കൂറിനുള്ളിൽ 45 ലക്ഷത്തിലധികം പേരാണ് ഈ ഗാനം കണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി തമന്നയുടെ നൃത്ത പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ‘ജയിലർ’ എന്ന സിനിമയിലെ “കാവാല” എന്ന ഗാനം 2023ൽ തരംഗമായിരുന്നു. അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീതത്തിൽ ഒരുങ്ങിയ ഈ ഗാനത്തിലെ തമന്നയുടെ ചടുലമായ നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനു പിന്നാലെ ‘അരമനൈ 4’ എന്ന തമിഴ് ചിത്രത്തിലെ “അച്ചച്ചോ” എന്ന ഗാനത്തിലും തമന്നയുടെ പ്രകടനം ശ്രദ്ധേയമായി. സച്ചിൻ-ജിഗാർ സംഗീതം നൽകിയ ‘സ്ത്രീ 2’വിലെ “ആജ് കി രാത്” എന്ന ഗാനവും പ്രേക്ഷകരുടെ ഇഷ്ടം നേടിയ മറ്റൊരു നൃത്ത നമ്പറാണ്.
പുതുതായി പുറത്തിറങ്ങിയ “നഷ” എന്ന ഗാനത്തിലും തമന്നയുടെ ഊർജ്ജസ്വലമായ നൃത്തം കാണാം. ജാസ്മിൻ സാൻഡ്ലാസ്, സച്ചേത് ടാൻഡൻ, ദിവ്യ കുമാർ എന്നിവരുടെ ശബ്ദവും ജാനിയുടെ വരികളും ഈ ഗാനത്തിന് ഒരു പ്രത്യേക ആകർഷണം നൽകുന്നു. വൈറ്റ് നോയിസ് കളക്ടീവാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. തമന്നയുടെ ഗ്ലാമറസ് ലുക്കും ശക്തമായ പ്രകടനവും ഗാനത്തിന് കൂടുതൽ മിഴിവേകുന്നു.
രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന ‘റെയ്ഡ് 2’ ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, വാണി കപൂർ, സുപ്രിയ പഥക്, സൗരഭ് ശുക്ല, അമിത് സിയാൽ തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഭൂഷൺ കുമാർ, കുമാർ മംഗത് പഥക്, അഭിഷേക് പഥക്, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2025 മെയ് 1ന് തിയേറ്ററുകളിൽ എത്തും. തമന്നയുടെ ഈ പുതിയ ഡാൻസ് നമ്പറും ചിത്രവും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.