പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ഷൂട്ടിംഗ് പൂര്‍ത്തിയായി; ഇനി ഇതാ രസകരമായ ഒരു മത്സരം!
കഴിഞ്ഞ ഒരു മാസത്തിൽ അധികമായി ചിത്രീകരിച്ചു കൊണ്ടിരുന്ന ജയസൂര്യ- രഞ്ജിത് ശങ്കർ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി. 4 വർഷം മുൻപേ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ജയസൂര്യയും രഞ്ജിത് ശങ്കറും ആദ്യമായി ഒരുമിച്ചത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്ന് ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ ആയിരുന്നു ആ ചിത്രം നിർമ്മിച്ചത്.
ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഇപ്പോൾ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രദർശനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. ഈ വരുന്ന നവംബർ 17 നു ആണ് പുണ്യാളൻ അഗർബത്തീസ് പ്രദർശനത്തിന് എത്തുക. ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്ന് പുതിയതായി ആരംഭിച്ച വിതരണ കമ്പനി ആണ് ഈ ചിത്രം ഇവിടെ പ്രദർശനത്തിന് എത്തിക്കുക.
ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇപ്പോൾ ഇതിന്റെ അണിയറ പ്രവർത്തകർ വളരെ രസകരമായ ഒരു മത്സരവുമായി രംഗത്ത് വന്നിരിക്കുകയാണ്. മത്സരം വേറൊന്നുമല്ല, ഈ ചിത്രത്തിൽ ജോയ് താക്കോൽക്കാരൻ മുന്നോട്ടു കൊണ്ടു വരുന്ന ഫ്രഷ് ബിസിനസ് ഐഡിയ എന്താണെന്നാണ് ചോദ്യം. അതിനു ശരിയുത്തരം പറയുന്നവർക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങൾ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ജോയ് താക്കോൽക്കാരൻ എന്ന ജയസൂര്യ കഥാപാത്രം പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിൽ ആന പിണ്ടത്തിൽ നിന്ന് ചന്ദത്തിരി ഉണ്ടാക്കുന്ന ബിസിനസ് ആണ് ചെയ്തു വിജയിച്ചത്. അപ്പോൾ ഈ രണ്ടാം ഭാഗത്തിൽ ജോയ് താക്കോൽക്കാരന്റെ പുതിയ ബിസിനസ് ഐഡിയ എന്തായിരിക്കും എന്നാണ് സിനിമ പ്രേമികളും ആരാധകരും ചിന്തിച്ചു ഊഹിച്ചു കണ്ടു പിടിക്കേണ്ടത്.
പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം എന്നിവയാണ് ജയസൂര്യ – രഞ്ജിത് കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങൾ. ഇത് മൂന്നും ഇവർ തന്നെയാണ് നിർമ്മിച്ചത് എന്ന് മാത്രമല്ല, മൂന്നും ബോക്സ് ഓഫീസിൽ വിജയങ്ങളുമായിരുന്നു.
ജയസൂര്യയുടെ അടുത്ത റിലീസ് ഒക്ടോബറിൽ എത്തുന്ന ക്യാപ്റ്റൻ ആണ് . അന്തരിച്ച ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പ്രജീഷ് സെൻ ആണ്.