വിധിക്ക് പോലും തോൽപ്പിക്കാനാവാത്ത ശക്തിയുടെ തിരിച്ചുവരവ്!, എമ്പുരാൻ ഗാനം ‘ഫിർ സിന്ദ’ പുറത്തിറങ്ങി…

സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനി’ലെ ആദ്യ ഗാനം ‘ഫിർ സിന്ദ’ പുറത്തിറങ്ങി. അതിജീവനത്തിൻ്റെയും ശക്തമായ തിരിച്ചുവരവിൻ്റെയും തീവ്രമായ സന്ദേശമാണ് ദീപക് ദേവിൻ്റെ സംഗീതത്തിൽ തനിഷ്ക് നബാർ രചിച്ച് ആനന്ദ് ഭാസ്കർ ആലപിച്ച ഈ ഗാനം നൽകുന്നത്. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഒരു കഥാപാത്രത്തിൻ്റെ പ്രതീകമായി ഈ ഗാനം മാറുന്നു.
റിലീസിനു മുൻപേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് എമ്പുരാൻ. ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 10 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് മലയാളത്തിൽ സർവ്വകാല റെകോർഡ് സ്വന്തം പേരിലാക്കിയ ചിത്രം ഇന്ത്യ ഒട്ടാകെ ചർച്ചാവിഷയമാകുകയാണ്. മാർച്ച് 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം, മലയാള സിനിമയിലെ എല്ലാ ഓപ്പണിംഗ് റെക്കോർഡുകളും അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം തകർത്തിരിക്കുന്നു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മുരളി ഗോപി തിരക്കഥയെഴുതിയ എമ്പുരാൻ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. മാർച്ച് 27-ന് ഇന്ത്യൻ സമയം രാവിലെ 6 മണി മുതൽ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. തമിഴ്നാട്ടിലെ വിതരണം ശ്രീ ഗോകുലം മൂവീസും, ആന്ധ്രയിലും തെലുങ്കാനയിലും ശ്രീ വെങ്കടേശ്വര ക്രിയേഷൻസും, നോർത്ത് ഇന്ത്യയിൽ എ എ ഫിലിംസും, കർണാടകയിൽ ഹോംബാലെ ഫിലിംസും നിർവഹിക്കുന്നു. ഇതിനോടകം 60 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് ആയി ചിത്രം നേടിയിട്ടുണ്ട്.
മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരും അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ-പ്രൊഡ്യൂസർമാർ. കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, സുജിത് വാസുദേവ് ഛായാഗ്രഹണവും, ദീപക് ദേവ് സംഗീതവും, അഖിലേഷ് മോഹൻ എഡിറ്റിംഗും, മോഹൻദാസ് കലാസംവിധാനവും, സ്റ്റണ്ട് സിൽവ ആക്ഷനും, നിർമൽ സഹദേവ് ക്രിയേറ്റീവ് ഡയറക്ടറുമാണ്.