ഈ പോലീസ് സ്റ്റോറി ത്രില്ലടിപ്പിക്കുമോ; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ റിവ്യൂ വായിക്കാം… | റിവ്യൂ വീഡിയോ

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകന് വാഗ്ദാനം ചെയ്യുന്നത് ഗംഭീര ത്രില്ലർ അനുഭവം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്ന് നിർമ്മിച്ച ചിത്രം രചിച്ചത് ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ്. ഷാഹി കബീറിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചത് പൂർണ്ണമായും നല്കാൻ അദ്ദേഹമൊരുക്കിയ തിരക്കഥക്കു സാധിച്ചിട്ടുണ്ട്. [റിവ്യൂ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്]
കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഹരിശങ്കർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളും അതിലൂടെ ഒരു കേസ് അന്വേഷണവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തവും അതിനു ശേഷം ഉണ്ടാകുന്ന മാനസികമായ പ്രശ്നങ്ങൾക്കും ശേഷം ഡ്യൂട്ടിയിൽ ജോയിൻ ചെയ്യുന്ന ഹരിശങ്കറിനെ കാത്തിരിക്കുന്നത് ഒരു മുക്ക് പണ്ട കേസ് ആണ്. എന്ന സാധാരണ കേസ് പോലെ ആരംഭിക്കുന്ന ഈ സ്വർണ്ണ കേസ് ചെന്നെത്തുന്നത് കൂടുതൽ സങ്കീർണ്ണമായ കേസുകളിലേക്കും ഹരിശങ്കറിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ദുരന്തത്തിലേക്കുമാണ്. അവിടെ നിന്നാണ് ചിത്രം വികസിക്കുന്നത്.

ആദ്യ പകുതിയും രണ്ടാം പകുതിയും ഒരുപോലെ മികച്ചു നിൽക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ, അന്വേഷണത്തിന്റെ ത്രിൽ സമ്മാനിക്കുന്ന ചിത്രം വൈകാരികമായും അവരുടെ മനസ്സുകളെ തൊടുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ വൈകാരിക തലങ്ങൾ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ സംവിധായകനും രചയിതാവും വിജയിച്ചിട്ടുണ്ട്. ഒരേ സമയം സിനിമാറ്റിക് ആയും റിയലിസ്റ്റിക് ആയും കഥ പറയുന്ന ചിത്രം ഗംഭീര തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. ഗംഭീരമായ ഒരു തിരക്കഥക്ക് അതിലും ഗംഭീരമായ ഒരു ദൃശ്യ ഭാഷയാണ് സംവിധായകൻ ചമച്ചത്. ആക്ഷൻ, സസ്പെൻസ്, മാസ്സ് ഡയലോഗുകൾ, ട്വിസ്റ്റുകൾ, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഹരിശങ്കർ ആയി കുഞ്ചാക്കോ ബോബൻ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സമ്മാനിച്ചത്. വാക്കിലും നോക്കിലും സൂക്ഷ്മമായ ശരീര ചലനങ്ങളിൽ പോലും പൂർണ്ണമായും തന്റെ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. കഥാപാത്രത്തിന്റെ വൈകാരിക തലം പൂർണ്ണമായി ഉൾക്കൊണ്ടാണ് അദ്ദേഹം പെർഫോം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം കയ്യടി നേടുന്ന പ്രകടനമാണ് ചിത്രത്തിലെ വില്ലനായി എത്തിയ വിശാഖ് നായരും കാഴ്ചവെച്ചതും. വിശാഖിന്റെയും കരിയർ ബെസ്റ്റ് പ്രകടനമാണ് എന്ന് തന്നെ പറയാം. ഇവർക്കൊപ്പം പ്രിയാമണി, ജഗദീഷ്, റംസാൻ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, മീനാക്ഷി, രഘുനാഥ് പാലേരി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ത്രസിപ്പിക്കുന്ന സംഗീതമാണ് അദ്ദേഹം ഒരുക്കിയത്, കഥ പറച്ചിലിന്റെ ത്രിൽ കൂട്ടുന്നതിൽ ആ സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് ഒരുക്കിയ ദൃശ്യങ്ങളും ചമൻ ചാക്കോയുടെ എഡിറ്റിംഗ് മികവും ചിത്രത്തെ സാങ്കേതികമായി ഗംഭീര നിലവാരത്തിൽ എത്തിച്ചിട്ടുണ്ട്. മികച്ച വേഗതയിലാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. ഏത് അർത്ഥത്തിൽ നോക്കിയാലും ത്രില്ലടിപ്പിക്കുന്ന, ഗംഭീര സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ഓഫീസർ ഓൺ ഡ്യൂട്ടി, മേക്കിങ് കൊണ്ടും രചന കൊണ്ടും പ്രകടനം കൊണ്ടും കയ്യടി നേടുമെന്നുറപ്പ്.