50 കോടി ക്ലബിൽ ചാക്കോച്ചനും; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ആഗോള കളക്ഷൻ റിപ്പോർട്ട്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രം 50 കോടി ക്ലബിൽ. ആഗോള കളക്ഷനായി ചിത്രം 50 കോടി എന്ന സംഖ്യ പിന്നിട്ടത് റിലീസ് ചെയ്ത് പത്തൊൻപതാം ദിവസമാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യമായാണ് അദ്ദേഹം സോളോ ഹീറോ ആയെത്തിയ ഒരു ചിത്രം ഈ നേട്ടം കൈവരിക്കുന്നത്.
കേരളത്തിൽ നിന്ന് മാത്രം 25 കോടിക്കു മുകളിൽ ഗ്രോസ് നേടിയ ചിത്രം വിദേശത്തു നിന്നും ഇരുപതു കോടി ഗ്രോസ് എന്ന സംഖ്യയിലേക്കാണ് കുതിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും അഞ്ചു കോടിയോളം ചിത്രം നേടിയെന്നാണ് സൂചന. ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിച്ചത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.
പ്രിയാമണി നായികാ വേഷം ചെയ്ത ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്, കുഞ്ചാക്കോ ബോബൻ പോലീസ് ഓഫീസർ ആയെത്തിയ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, ഛായാഗ്രഹണം നിർവഹിച്ചത് റോബി വർഗീസ് രാജ്.