പ്രതീക്ഷയോടെ ഇന്ന് തിയേറ്ററുകളിൽ എത്തുന്നത് 7 ചിത്രങ്ങൾ…
ബിഗ് സ്ക്രീൻ പ്രേക്ഷകരെ തേടി ഇന്ന് തിയേറ്ററുകളിൽ എത്തുന്നത് 7 ചിത്രങ്ങൾ ആണ്. ഇതിൽ ആറും മലയാളം ചിത്രങ്ങൾ ആണ്. ഒരെണ്ണം ബോളിവുഡ് ചിത്രവും. ഷെഫീക്കിന്റെ സന്തോഷം, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഫോർ ഇയേഴ്‌സ്, ഹാസ്യം, ലൂയിസ്, ഹയ എന്നിവ ആണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്ന മലയാള ചിത്രങ്ങൾ. ഭേഡിയ ആണ് ഇന്നത്തെ ബോളിവുഡ് റിലീസ്.
ഉണ്ണി മുകുന്ദൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നതും ഉണ്ണി മുകുന്ദൻ ആണ്. ആത്മീയ രാജൻ, ദിവ്യ പിള്ള, മനോജ് കെ. ജയൻ, ബാല, രാഹുൽ മാധവ്, ഷഹീൻ സിദ്ദീഖ്, സ്മിനു സിജോ, മിഥുൻ രമേശ് എന്നിവർ ആണ് ഈ ചിത്രത്തിലെ താരങ്ങൾ. ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം.
ലോകം ഫുഡ്ബോൾ ആവേശത്തിൽ നിൽക്കുന്ന ഈ വേൾഡ്കപ്പ് നാളുകളിൽ ആ ആവേശം തിയേറ്ററുകളിലും നിറയ്ക്കാൻ എത്തുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ്കപ്പ്. ആന്റണി വർഗീസ് നായകനാകുന്ന ചിത്രം ആണ് നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്നത്. ഫാന്റസി സ്‌പോർട്സ് ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കൂട്ടം കുട്ടികളെ ഒരു അണ്ടർ 14 ടൂർണമെന്റിന്റെ വിജയികളാക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്ന ഒരു ഫുട്‌ബോൾ കളിക്കാരന്റെ വേഷത്തിൽ ആണ് ആന്റണി എത്തുന്നത്. പ്രിയാ വാര്യരെയും സർജാനോ ഖലീദിനെയും നായികാ നായകന്മാർ ആക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ഫോർ ഇയേഴ്സ്. സണ്ണി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ ഒരുക്കുന്ന ചിത്രം ഒരു ക്യാമ്പസ് പ്രണയ കഥയാണ് പറയുന്നത്. കോളേജ് ലൈഫിന്റെ അവസാനത്തെ രണ്ട് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്.
ഹരിശ്രീ അശോകനെ നായകനാക്കി ജയരാജ് ഒരുക്കുന്ന ചിത്രമാണ് ഹാസ്യം. നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് ഇത്. ജപ്പാൻ എന്ന വിളിപ്പേര് ഉള്ള കഥാപാത്രത്തെ ആണ് ഹരിശ്രീ അശോകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏതൊരാളുടെയും മരണം പണം സമ്പാദിക്കാനുള്ള വഴിയാണ് അയാൾക്ക്. ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ രഹസ്യമായി എത്തിച്ചു നൽകുന്ന ആളാണ് അയാൾ. ബ്ലാക്ക് കോമഡി വിഭാഗത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഷാബു ഉസ്മാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ലൂയിസ് ആണ് മറ്റൊരു റിലീസ് ചിത്രം. ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആധുനിക കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിന്റെ ദുഷ്യവശങ്ങൾ വരച്ചുകാണിക്കുന്ന ചിത്രമാണ്. സായ്കുമാർ, ജോയ് മാത്യു, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസീസ്, രോഹിത്, അൽസാബിദ്, മീനാക്ഷി, ദിവ്യ പിള്ള എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ക്യാമ്പസ് മ്യൂസിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഹയ. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിന്നൽ മുരളിയിലെ വില്ലൻ വേഷത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, ശ്രീരാജ്, സണ്ണി സരിഗ , വിജയൻ കാരന്തൂർ എന്നിവര്‍ ആണ് മറ്റ് അഭിനേതാക്കള്‍.
അമർ കൗശിക് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഭേഡിയ ഒരു കോമഡി ഹൊറർ ചിത്രം ആണ്. വരുൺ ധവാൻ, കൃതി സനോൺ, ദീപക് ഡോബ്രിയൽ, അഭിഷേക് ബാനർജി, പാലിൻ കബക്ക് എന്നിവര്‍ ആണ് ഈ ചിത്രത്തിലെ താരങ്ങള്‍. ചെന്നായയുടെ കടിയേറ്റ ഭാസ്‌കറിനെ (വരുൺ ധവാൻ) ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. പ്രത്യേക ശക്തികൾ നേടുന്ന ഭാസ്കർ ഒരു ചെന്നായയായി മാറുകയും ചെയ്യുന്നു. ഈ ജീവിയുടെ പിന്നിലെ നിഗൂഢത പരിഹരിക്കുന്നതിനും തന്റെ പഴയ വ്യക്തിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അവൻ തന്റെ സുഹൃത്തുക്കളുടെ സഹായം തേടുന്നതാണ് ഈ ചിത്രം.