സോഷ്യോ പൊളിറ്റിക്കൽ ത്രില്ലറുമായി നിമിഷ സജയനും കരുണാസും; ‘എന്ന വിലൈ’ ചിത്രീകരണം പൂർത്തിയായി
നിമിഷ സജയൻ, കരുണാസ് എന്നിവർ ഒന്നിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’യുടെ ചിത്രീകരണം പൂർത്തിയായി. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.
സോഷ്യോ – പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’ എന്നാണ് സൂചന. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് പൂർത്തിയായത്.
ചിത്ത, ജിഗർത്തണ്ട ഡബിൾ എക്സ് എന്നീ വലിയ ഹിറ്റുകൾക്ക് ശേഷം നിമിഷ നായികയായെത്തുന്ന തമിഴ് ചിത്രം എന്ന പ്രത്യേകത ‘എന്ന വിലൈ’യ്ക്ക് ഉണ്ട്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കരുണാസ്, നിമിഷ എന്നിവർ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും ഇതിലെ പ്രകടനത്തിന് അവരെ തേടി അംഗീകാരങ്ങൾ എത്തിയേക്കാമെന്നും നിർമ്മാതാവായ ജിതേഷ് വി പറയുന്നു. ഏറെ ശ്രദ്ധേയമായ ജോലിയാണ് ചിത്രത്തിന്റെ താരനിരയും മറ്റു അണിയറ പ്രവർത്തകരും ചെയ്തിരിക്കുന്നതെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ റിലീസ് ഡേറ്റ് വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിമിഷ സജയൻ നൽകിയ പിന്തുണയും അവരുടെ അച്ചടക്കവും അർപ്പണബോധവും ഏതൊരു നിർമ്മാതാവിനും ഒരു അനുഗ്രഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യ സമയത്ത് തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയ സജീവ് പാഴൂരിനെയും നിർമ്മാതാവ് അഭിനന്ദിച്ചു.
പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകളാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.