യോദ്ധാവായും എക്സിക്യൂട്ടീവായും തിളങ്ങാൻ മോഹൻലാൽ; ‘വൃഷഭ’ റിലീസ് പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’യുടെ ആഗോള റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാൽ നായകനാവുന്ന ഈ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം 2025 നവംബർ 6-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. പുരാതന കാലത്തെ യോദ്ധാവിൻ്റെയും ആധുനിക കാലത്തെ എക്സിക്യൂട്ടീവിൻ്റെയും വേഷങ്ങളിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഇരട്ട ഗെറ്റപ്പിലുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതികാരവും ആക്ഷനും കോർത്തിണക്കിയ ഒരു കഥയാണ് ചിത്രം പറയുന്നതെന്ന സൂചന ടീസർ നൽകിയിരുന്നു. മോഹൻലാലിൻ്റെ ഗംഭീരമായ ആക്ഷൻ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ സ്വഭാവം വെളിപ്പെടുത്തുന്നതായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പ്രൊമോഷണൽ മെറ്റീരിയലുകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
നാലര പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ ആദ്യമായി മോഹൻലാൽ ഒരു രാജാവിൻ്റെ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ‘വൃഷഭ’യ്ക്കുണ്ട്. കന്നഡ സംവിധായകൻ നന്ദകിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം താരസമ്പന്നവുമാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാങ്കേതിക മികവിലും ചിത്രം ഒട്ടും പിന്നിലല്ല. പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നൊരുക്കിയ സംഘട്ടന രംഗങ്ങളും ആൻ്റണി സാംസണിൻ്റെ ഛായാഗ്രഹണവും പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. സാം സി എസ് സംഗീതവും കെ എം പ്രകാശ് എഡിറ്റിംഗും നിർവഹിക്കുന്നു. കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആശിർവാദ് സിനിമാസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പിആർഒ- ശബരി.