in

റീ റിലീസിൽ വിജയ ചരിത്രം ആവർത്തിക്കാൻ മോഹൻലാലിന്റെ ‘ഉദയനാണ് താരം’ വരുന്നു; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ…

റീ റിലീസിൽ വിജയ ചരിത്രം ആവർത്തിക്കാൻ മോഹൻലാലിന്റെ ‘ഉദയനാണ് താരം’ വരുന്നു; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ…

വൻ വിജയങ്ങളായ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളുടെ റീ റിലീസുകൾക്ക് ശേഷം മോഹൻലാലിന്റെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. റോഷൻ ആൻഡ്രൂസ് – മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ 2005ൽ പുറത്തിറങ്ങിയ ‘ഉദയനാണ് താരം’ ആണ് റീ റിലീസിന് തയ്യാറായിരിക്കുന്നത്. 20 വർഷത്തിന് ശേഷം 4K ദൃശ്യ മികവോടെ ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയുടെ കഥ പറഞ്ഞ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി മാറി.

ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ‘കരളേ, കരളിന്റെ കരളേ’ എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് ‘ഉദയനാണ് താരം’.

റീ റിലീസ് ചെയ്ത് മോഹൻലാൽ ചിത്രങ്ങൾ ഒക്കെയും തിയേറ്ററിൽ മികച്ച പ്രതികരണങ്ങളും കളക്ഷനും നേടുന്ന ട്രെൻഡ് ആണ് നിലവിൽ ഉള്ളത്. റീ റിലീസായെത്തിയ ചിത്രങ്ങൾ നേടുന്ന വിജയം കൂടുതൽ ക്‌ളാസ്സിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നു എന്ന് നിർമാതാവ് സി.കരുണാകരൻ പറയുന്നു. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ സഹസംവിധായകനായ ഉദയാഭാനുവായി ആണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയത്. സൂപ്പർ സ്റ്റാർ സരോജ് കുമാറായി മാറുന്ന രാജപ്പൻ തെങ്ങുമ്മൂടെന്ന മറ്റൊരു കഥാപാത്രത്തെ ശ്രീനിവാസൻ അവതരിപ്പിച്ചു.

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോൾ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തി. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്.

എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അർജുൻ സർക്കാറായി തിളങ്ങാൻ നാനി; ‘ഹിറ്റ് 3’ ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ നേട്ടം; ‘മാർക്കൊ’യ്ക്ക് കൊറിയയിൽ റെക്കോർഡ് റിലീസ്…