ബിഗ് ബോസ് താരം റോബിൻ നായകനാകുന്നു; ആശംസകൾ നേർന്ന് മോഹൻലാൽ…
ബിഗ് ബോസ് സീസൺ 4 ലെ ഏറ്റവും ജനപ്രീതി നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ബിഗ് ബോസ് ഹൗസിൽ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഷോയിൽ നിന്ന് പുറത്തായിരുന്നു. ഇതോടെ നിരാശരായ റോബിന്റെ ആരാധകർക്ക് ഇപ്പോൾ ആഹ്ലാദിക്കാവുന്ന ഒരു വാർത്തയാണ് സൂപ്പർതാരം മോഹൻലാൽ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നായകനായി മലയാള സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുക ആണ് റോബിന്‍.
ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ സോഷ്യൽ മീഡിയ പേജിലൂടെ ആണ് ഈ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം റോബിന് ആശംസകളും നേർന്നു. സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ 14 മത്തെ പ്രൊഡക്ഷൻ ആണ് ഈ ചിത്രം എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്ററിൽ സൂചിപ്പിക്കുന്നു.
ചിത്രത്തിന്റെ പ്രഖ്യാപനത്തെ തുടർന്ന് സന്തോഷ് ടി കുരുവിള സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ: “ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കും. തീർച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ.” എസ്ടികെ ഫ്രെയിംസ് എന്ന ബാനറിൽ ആണ് സന്തോഷ് ഈ ചിത്രം നിർമ്മിക്കുന്നത്.
2019ൽ നിറം എന്നൊരു ഷോർട്ട് ഫിലിമിൽ റോബിൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില മ്യൂസിക് വീഡിയോകളിലും റോബിൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാമുദി ടിവിയിൽ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്നൊരു ഷോയുടെ അവതാരകനായും താരം തിളങ്ങിയിരുന്നു. ബിഗ് ബോസിലെ എത്തിയതോടെ വലിയ ആരാധക പിന്തുണയാണ് റോബിന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിന് ഇത് ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഉടനെ തന്നെ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.