ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ മോഹൻലാൽ ചിത്രം; സംവിധായകനായി ഓസ്റ്റിൻ ഡാൻ?

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിലെ പ്രശസ്ത നിർമ്മാതാവായ ആഷിഖ് ഉസ്മാൻ നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വെച്ചത്. “ഫാൻ ബോയ് നിമിഷം” എന്ന കുറിപ്പോടെയാണ് അദ്ദേഹം അത് പങ്ക് വെച്ചതെങ്കിലും, അതോടെ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരു മോഹൻലാൽ ചിത്രം വരുന്നു എന്ന വാർത്തകൾ പ്രചരിക്കാനാരംഭിച്ചു. തൊട്ടടുത്ത ദിവസം തന്നെ ആഷിഖ് ഉസ്മാൻ മോഹൻലാലിനോട് ഒരു കഥ പറഞ്ഞെന്നും ചിത്രത്തിന്റെ കൂടുതൽ ചർച്ചകൾ അടുത്ത് തന്നെ നടക്കുമെന്നും സൗത്ത് വുഡ് അടക്കമുള്ള മലയാളം ട്രേഡ് അനാലിസിസ് പേജുകൾ പുറത്തു വിട്ടു.
ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ആദ്യ മോഹൻലാൽ ചിത്രം ഈ വർഷം തന്നെ ആരംഭിക്കും. രതീഷ് രവി തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ ഓസ്റ്റിൻ ഡാൻ ആണെന്നാണ് സൂചന. തല്ലുമാല, വിജയ് സൂപ്പറും പൗര്ണമിയും എന്നീ ചിത്രങ്ങളിലൂടെ നടനെന്ന നിലയിൽ ശ്രദ്ധേയനായ ഓസ്റ്റിൻ ഡാൻ, അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ സഹസംവിധായകനും ആയിരുന്നു. ഖാലിദ് റഹ്മാനൊപ്പവും ഓസ്റ്റിൻ ഡാൻ പ്രവർത്തിച്ചിട്ടുണ്ടെന്നും വാർത്തകളുണ്ട്.
ഒരു പോലീസ് കഥ പറയുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നതെന്നും സൂചനയുണ്ട്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒക്ടോബറിൽ ആരംഭിക്കുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ- ഓസ്റ്റിൻ ഡാൻ- ആഷിഖ് ഉസ്മാൻ ചിത്രം ആരംഭിക്കുമെന്നാണ് വാർത്തകൾ പറയുന്നത്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് പ്രീ പ്രൊഡക്ഷൻ ജോലികൾ തീരാൻ സമയം എടുക്കുന്നത് കൊണ്ട്, ആ ചിത്രം അടുത്ത വർഷം ആദ്യമായിരിക്കും തുടങ്ങുക എന്നും വാർത്തകൾ പറയുന്നു. ഇപ്പോൾ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്തത്തിൽ അഭിനയിക്കുന്ന മോഹൻലാൽ , ജൂലൈ ആദ്യ വാരം ദിലീപ് നായകനാവുന്ന ഭ.ഭ.ബായിലെ അതിഥി വേഷവും ശേഷം രജനികാന്ത് ചിത്രമായ ജയിലർ 2 ലെ അതിഥി വേഷവുമായിരിക്കും ചെയ്യുക.