സൂപ്പർ മെഗാ സ്റ്റാറുകൾ ഒന്നിക്കുന്ന വെബ് സീരീസ് ‘മനോരഥങ്ങൾ’; ട്രെയിലർ പുറത്ത്..

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരമർപ്പിച്ചു കൊണ്ട് റിലീസ് ചെയ്യാൻ പോകുന്ന മലയാളം വെബ് സീരിസ് ആണ് മനോരഥങ്ങൾ. എം ടി തന്നെ തിരക്കഥ രചിച്ച ഒൻപത് എപ്പിസോഡുകൾ ഉൾപ്പെടുന്ന ഈ വെബ് സീരീസിൽ ഓരോ എപ്പിസോഡും ഓരോ കഥകളാണ് പറയുന്നത്. സീ 5 ഒടിടി പ്ലാറ്റ്‌ഫോമിൽ ഓഗസ്റ്റ് പതിനഞ്ച് മുതൽ സ്ട്രീമിങ് ആരംഭിക്കുന്ന ഈ വെബ് സീരിസിന്റെ ട്രൈലെർ, എം ടി വാസുദേവൻ നായരുടെ തൊണ്ണൂറ്റിയൊന്നാം ജന്മദിനമായ ഇന്ന് റിലീസ് ചെയ്തു.
മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ആസിഫ് അലി, ഇന്ദ്രജിത്ത്, നെടുമുടി വേണു, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, പാർവതി, വിനീത്, ശാന്തി കൃഷ്ണ, സിദ്ദിഖ്, മധുബാല, ടിജി രവി, നരേൻ, ഹരീഷ് ഉത്തമൻ, ആൻ അഗസ്റ്റിൻ, സുരഭി ലക്ഷ്മി, നാദിയ മൊയ്‌ദു, അപർണ ബാലമുരളി, ഹരീഷ് പെരാടി, അനുമോൾ, ജോയ് മാത്യു തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പ്രത്യക്ഷപ്പെടുന്ന ഈ വെബ് സീരിസിലെ എപ്പിസോഡുകൾക്ക് അവതാരിക പറയുന്നത് കമൽ ഹാസനാണ്.
പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ്, ശ്യാമപ്രസാദ്, മഹേഷ് നാരായണൻ, രതീഷ് അമ്പാട്ട്, അശ്വതി വി നായർ, രഞ്ജിത്ത് എന്നിവരാണ് ഇതിലെ ഒൻപത് എപ്പിസോഡുകൾ സംവിധാനം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ, സാബു സിറിൽ, കെ. എസ്. ചിത്ര, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, റഫീഖ് അഹമ്മദ്, ബിജിപാൽ, ജേക്സ് ബിജോയ്, രാഹുൽ രാജ്, എംആർ രാമകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള മലയാളത്തിലെ അണിയറപ്രവർത്തകരുടെയും പങ്കാളിത്തം ഈ വെബ് സീരിസിലുണ്ട്.
സാരേഗാമയും ന്യൂസ് വാല്യൂവും ചേർന്ന് നിർമ്മിച്ച ഈ വെബ് സീരീസിലെ ഒൻപത് എപ്പിസോഡുകളുടെ പേരുകൾ അഭയം തേടി വീണ്ടും, സ്വർഗം തുറക്കുന്ന സമയം, കാഴ്ച, ശിലാലിഖിതം, വിൽപ്പന, കടൽകാറ്റു, ഷെർലക്, ഓളവും തീരവും, കടുഗന്നാവ എന്നിങ്ങനെയാണ്.സാബു സിറിൽ കലാസംവിധാനം നിർവഹിച്ച ഈ വെബ് സീരിസ് എഡിറ്റ് ചെയ്തിരിക്കുന്നത് അയ്യപ്പൻ നായരാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ഈ വെബ് സീരിസ് സ്ട്രീം ചെയ്യുക.