“അവർ രണ്ട് പേരും ഒന്നിച്ചാൽ ബ്ലാസ്റ്റ്!”; ആവേശമായി ബിഗ് എംസ് ചിത്രം ‘പേട്രിയറ്റ്’ ടീസർ എത്തി

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ എത്തി. “പേട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.
വമ്പൻ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ചിത്രം ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുമെന്നാണ് ടീസർ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ടീസറിന്റെ ഹൈലൈറ്റ് ആണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോൺ, നയൻതാര എന്നിവരെയും ടീസറിൽ കാണാം. ഒരു സ്പൈ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.
സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ടീസറിൻറെ മികവായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ ആണ് ഇപ്പോൾ നടക്കുന്നത്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ആറു മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്തത്.
ജിനു ജോസഫ്, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവരാണ്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.