in

‘ദേവദൂതൻ’ ജൂലൈ 26ന്; കാലാതീതമായ മാജിക്കൽ മിസ്റ്ററിയ്ക്ക് ആശംസ അറിയിച്ച് മമ്മൂട്ടി കമ്പനി…

‘ദേവദൂതൻ’ ജൂലൈ 26ന്; കാലാതീതമായ മാജിക്കൽ മിസ്റ്ററിയ്ക്ക് ആശംസ അറിയിച്ച് മമ്മൂട്ടി കമ്പനി…

മോഹൻലാൽ നായകനായ ക്ലാസിക് ചിത്രമായ ദേവദൂതൻ ജൂലൈ 26 – ന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. 2000 -ത്തിൽ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലർ ചിത്രം 24 വർഷങ്ങൾക്ക് ശേഷം ഫോർ കെ അറ്റ്മോസ് വെർഷനിലേക്ക് അപ്ഗ്രേഡ് ചെയ്താണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. വമ്പൻ റീ-റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന് ആശംസയറിയിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി നേതൃത്വം നൽകുന്ന സിനിമാ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി.

ജൂലൈ 26 ന് റിലീസ് ചെയ്യുന്ന ഈ മാജിക്കൽ മിസ്റ്ററി ചിത്രത്തിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു എന്ന് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജിൽ അവർ കുറിച്ചു. രഘുനാഥ് പാലേരി രചിച്ചു സിബി മലയിൽ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം 24 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടില്ല. എന്നാൽ പിന്നീട്, മിനി സ്‌ക്രീനിലൂടെ മലയാളത്തിലെ വൻ ആരാധകവൃന്ദമുള്ള ക്ലാസിക് മിസ്റ്ററി ത്രില്ലറായി ഈ ചിത്രം മാറി.

മോഹൻലാലിനൊപ്പം ജയപ്രദ, വിജയലക്ഷ്മി, വിനീത് കുമാർ, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, ജഗദീഷ്, മുരളി തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന ഈ ചിത്രം നിർമ്മിച്ചത് കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ ആണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ദേവദൂതൻ ഫോർ കെ വേർഷന്റെ ട്രെയിലറിന് വമ്പൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.

മോഹൻലാൽ വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതജ്ഞനായി വേഷമിട്ട ഈ ചിത്രത്തിന് വേണ്ടി വിദ്യാസാഗർ ഈണമിട്ട ഗാനങ്ങളെല്ലാം തന്നെ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളായി മാറിയിരുന്നു. സന്തോഷ് തുണ്ടിയിൽ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൽ ഭൂമിനാഥനാണ്.

ധ്യാൻ ശ്രീനിവാസൻ – മുകേഷ് കോംബോയുടെ ‘സൂപ്പർ സിന്ദഗി’; പുതിയ പോസ്റ്റർ പുറത്ത്…

ഇളയരാജയുടെ ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി ‘പുഷ്പക വിമാനം’ ടീം; ‘കാതൽ വന്തിരിച്ചു’ വീഡിയോ ഗാനം പുറത്ത്…