in , ,

നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ ട്രെയിലർ പുറത്ത്

നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ ട്രെയിലർ പുറത്ത്

ദീപാവലി റിലീസിന് തയ്യാറാകുന്ന ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയിലർ പുറത്ത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

“സാധാരണക്കാരന്റെ അസാധാരണ യാത്ര” എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്കറിന്റെ 2 മിനിറ്റ് 33 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. മിഡിൽ ക്ലാസുകാരനായ ഭാസ്കർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്കർ കുമാറിൻ്റെ ലോകത്തേക്കുള്ള ഒരു നേർക്കാഴ്ച ട്രെയിലർ സമ്മാനിക്കുന്നു.

ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തിൽ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്കർ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുൽഖർ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. തന്റെ കണ്ണുകളിലൂടെയും ശരീര ഭാഷയിലൂടെയും ഈ കഥാപാത്രത്തിന്റെ അത്യാഗ്രഹം, സ്നേഹം, ഭയം, അഹങ്കാരം, ആത്മവിശ്വാസം, തുടങ്ങി എല്ലാ വികാരങ്ങളും പുറത്ത് കൊണ്ട് വരാൻ ദുൽഖർ സൽമാൻ എന്ന നടന് സാധിച്ചിട്ടുണ്ട് എന്ന് ട്രെയിലർ സൂചന നല്കുന്നു.

80കളുടെയും 90കളുടെയും ബോംബെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാൻ സൃഷ്ടിക്കുകയും അതിന്റെ അതിമനോഹര ദൃശ്യങ്ങൾ ഛായാഗ്രാഹകൻ നിമിഷ് രവി പകർത്തുകയും ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. സംഗീതസംവിധായകൻ ജി. വി. പ്രകാശ് കുമാറിൻ്റെ ഗംഭീര പശ്ചാത്തല സംഗീതമാണ് ട്രൈലറിന്റെ മറ്റൊരു മികവ്. എഡിറ്റിംഗ് നവീൻ നൂലി. ഒക്ടോബർ 31 ന് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിആർഒ- ശബരി.

കോമഡി എൻ്റർടെയ്‌നർ ‘അപൂർവ്വ പുത്രന്മാരി’ൽ വിഷ്ണു ഉണികൃഷ്ണനും ബിബിൻ ജോർജ്ജും നായകന്മാരാകുന്നു; ടൈറ്റിൽ പോസ്റ്റർ

അടിമുടി സ്റ്റൈലിഷ് ഗെറ്റപ്പിൽ സൂര്യ, ഒപ്പം ദിശ പട്ടാണിയും; കങ്കുവയിലെ ‘യോലോ’ ഗാനം ലിറിക് വീഡിയോ പുറത്ത്