ഫ്യൂച്ചറിസ്റ്റിക് ഘടകങ്ങളുമായി പ്രദീപ് രംഗനാഥന്റെ ‘ലവ് ഇൻഷുറൻസ് കമ്പനി’ ഫസ്റ്റ് ലുക്ക് പുറത്ത്…

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഘ്നേഷ് ശിവനും സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിഘ്നേഷ് ശിവന്റെ ഭാര്യയും നടിയുമായ നയൻതാര നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഇന്ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി ഫ്യൂച്ചറിസ്റ്റിക് ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ്.
പറക്കുന്ന വാഹനങ്ങൾ, മനുഷ്യർക്കൊപ്പം നടക്കുന്ന റോബോട്ടുകൾ, ലവ് ഇൻഷുറൻസ് കമ്പനിയുടെ കെട്ടിടം തുടങ്ങിയ ഫ്യൂച്ചറിസ്റ്റിക് ഘടകങ്ങൾ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു സ്ക്രീനിലേക്ക് കൈ നീട്ടുന്ന പ്രദീപിന്റെ കഥാപാത്രം ആണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പ്രദീപ് രംഗനാഥന് പിറന്നാൾ ദിനാശംസകൾ നേർന്നു കൊണ്ട് സംവിധായകൻ വിഘ്നേഷ് ശിവൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്റർ:
റൊമാൻ്റിക് കോമഡി ആയി ഒരുക്കുന്ന ചിത്രത്തിൽ കൃതി ഷെട്ടി ആണ് നായികയായി എത്തുന്നത്. എസ്.ജെ. സൂര്യ ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യനും സംഗീതം അനിരുദ്ധ് രവിചന്ദറും എഡിറ്റിംഗ് പ്രദീപ് ഇ. രാഘവും നിർവഹിക്കുന്നു. 2019ൽ ലവ് ഇൻഷുറൻസ് കോർപ്പറേഷൻ എന്ന പേരിൽ ശിവകാർത്തികേയനെ നായകനാക്കി വിഘ്നേഷ് ശിവൻ ചെയ്യാനിരുന്ന പ്രോജക്റ്റ് ആണിപ്പോൾ പുനർനാമകരണം ചെയ്തു യാഥാർത്ഥ്യമാകുന്നത്.