ചെകുത്താന്റെ വരവിന് ദിനം കുറിച്ച് മോഹൻലാലും പൃഥ്വിരാജും; എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. കേരള പിറവി ദിനമായ നവംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പുറത്ത് വിട്ടത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു.
2025 മാർച്ച് 27 നു ആഗോള തലത്തിൽ ചിത്രം റിലീസ് ചെയ്യും. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിക്കുക എന്നാണ് സൂചന. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമാണിത്. റിലീസ് പ്രഖ്യാപിച്ച് ഒരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
#L2E #EMPURAAN
The 2nd instalment of the #Lucifer franchise hits cinemas world wide on 27th March 2025!@PrithviOfficial #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod #SureshBalaje #GeorgePius @ManjuWarrier4 @ttovino… pic.twitter.com/ILNOk4UYWU— Mohanlal (@Mohanlal) November 1, 2024
മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ സിനിമാ സീരിസിൽ ഒരു മൂന്നാം ചിത്രം കൂടിയുണ്ട്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, സായ് കുമാർ, ബൈജു സന്തോഷ് . സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദീൻ തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിടുന്നുണ്ട്.
ദീപക് ദേവ് സംഗീതമൊരുക്കുന്ന എമ്പുരാന് വേണ്ടി കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവാണ്. ഇപ്പോൾ കേരളത്തിൽ ചിത്രീകരിക്കുന്ന എമ്പുരാൻ മുംബൈ, അബുദാബി, മൊറോക്കോ ഷെഡ്യൂളുകൾ കൂടി കഴിഞ്ഞു ഡിസംബറിൽ ചിത്രീകരണം പൂർത്തിയാക്കും. അന്യ ഭാഷാ താരങ്ങളും വേഷമിടുന്ന ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കപ്പെടുന്നത്.