in ,

‘സ്വയം മതിമറന്ന് രോമാഞ്ചം കൊള്ളിക്കുന്ന മാസ് സിനിമാനുഭവം’; കെജിഎഫ് 2 റിവ്യൂ…

‘സ്വയം മതിമറന്ന് രോമാഞ്ചം കൊള്ളിക്കുന്ന മാസ് സിനിമാനുഭവം’; കെജിഎഫ് 2 റിവ്യൂ…

2018ൽ കന്നഡ സിനിമാ ലോകത്ത് ഒരു കാട്ടുതീ പടർന്ന് ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചു. അതേ പരാമർശിച്ചത് കെജിഎഫ് ചാപ്റ്റർ 1 എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ തന്നെ. അന്ന് കെജിഎഫ് വന്നപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത് തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മാസ് സിനിമാ അനുഭവമായിരുന്നു. ഈ ചിത്രം ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച തരംഗം പറഞ്ഞറിയിക്കാനാവുന്നതിലും അപ്പുറം ആണ്. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം അതിന്റെ തുടർച്ചയായി കെജിഎഫ് ചാപ്റ്റർ 2 തീയേറ്ററുകളിൽ എത്തിയപ്പോൾ വീണ്ടും സൃഷ്ടിക്കുന്നത് അതേ തരംഗമാണ്. എന്തിന് ഇത്തവണ പ്രീ റിലീസ് ഹൈപ്പ് പോലും ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന ഒന്നായി മാറി. മറ്റൊരു മികച്ച സിനിമാ അനുഭവം തീയേറ്ററുകളിൽ ചിത്രം സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.

ഗരുഡയെ വധിച്ച് റോക്കി നറാച്ചി ഗോൾഡ്‌ മൈൻ (കോളാർ ഗോൾഡ്‌ മൈൻ) ആധിപത്യം നേടിയെടുക്കുന്നിടത്ത് ആണ് ‘കെജിഎഫ് ചാപ്റ്റർ 1’ അവസാനിച്ചത്. തുടര്ന്നു‍ള്ള റോക്കിയുടെ ഉയർച്ചയും വീഴ്ചയും ഒക്കെ ഉള്‍പ്പെടുന്ന ജീവിതമാണ് ‘കെജിഎഫ് ചാപ്റ്റർ 2’വിന്റെ മുഖ്യ പ്രമേയം. ഇപ്രാവശ്യം റോക്കിയ്ക്ക് മുന്നിലുള്ള പ്രതിബന്ധങ്ങൾ വളരെ വലുതാണ്. ആ പ്രതിബന്ധങ്ങൾ റോക്കി എന്ന മോൺസ്റ്ററിന് മുന്നിൽ എങ്ങനെ തകർന്ന് അടിയും എന്നത് രണ്ടേ മുക്കാൽ മണിക്കൂറുള്ള ഈ സിനിമയിൽ പ്രശാന്ത് നീൽ അദ്ധേഹത്തിന്‍റെ സ്‌പെഷ്യൽ മാസ് സംവിധാന മികവോടെ പ്രേക്ഷകര്‍ക്ക് കാട്ടിതരുന്നു.

കെജിഎഫ് ഒന്നാം ഭാഗത്തിലെ “ശക്തരായ ആളുകൾ ശക്തരായ സ്ഥലങ്ങളിൽ നിന്നാണ് വരുന്നത്” എന്ന ഡയലോഗ് രണ്ടാം ഭാഗത്തേക്ക് എത്തുമ്പോൾ അത് “ശക്തരായ ആളുകൾ സ്ഥലങ്ങളെ കൂടുതൽ ശക്തമാക്കുന്നു” എന്ന് ഒന്ന് തിരുത്തുന്നുണ്ട്‌. അത് ശരിയാണെന്ന പ്രതീതി സിനിമയ്ക്കും സൃഷ്ടിക്കാനായി. റോക്കിയെ എലവേറ്റ് ചെയ്യിക്കുന്ന നിരവധി മാസ് സീനുകളാൽ സമ്പന്ന സമൃദ്ധം ആണ് ചിത്രം.

സ്റ്റൈൽ, സ്വാഗ്, ഡയലോഗ് ഡെലിവറി, ഇമോഷൻസ്, ആറ്റിട്യൂട് എല്ലാം കൊണ്ടും യാഷിന്റെ റോക്കി ഭായുടെ അഴിഞ്ഞാട്ടം തന്നെ ചിത്രത്തിൽ കാണാം. നായകൻ സ്ട്രോങ്ങ് ആകുമ്പോൾ എതിരെ നിൽക്കുന്ന വില്ലന്മാരും സ്ട്രോങ്ങ് ആകണമല്ലോ. സ്ക്രീൻ പ്രസൻസ് കൊണ്ട് തന്നെ സഞ്ജയ് ദത്തിന്റെ അധീരയ്ക്ക് അതിന് കഴിഞ്ഞിട്ടുണ്ട്. വികിങ്സ് ലുക്കിൽ ഉള്ള സഞ്ജയ് ദത്തിന്റെ അധീര നൽകിയത് വളരെ ഇമ്പാകഫുൾ ആയൊരു പെർഫോമൻസ് ആയിരുന്നു. ലുക്ക് കൊണ്ട് തന്നെ ആ കഥാപാത്രം റോക്കിക് പറ്റിയ എതിരാളി ആയി മാറുന്നുണ്ട്. രണ്ടു പേരും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന സീൻസ് ഒക്കെയും പ്രശാന്ത് നീൽ എഫക്റ്റിൽ മാസിന്റെ എക്‌സ്ട്രീം ലെവലിലേക്ക് എത്തുന്നുണ്ട്. സംഭാഷണങ്ങൾ ഒക്കെയും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ് പതിപ്പിൽ അതിന്റെ ഇമ്പാക് ലെവൽ വളരെ വലുതാണ്.

ചിത്രത്തിലെ മറ്റൊരു ഔട്ട്‌ സ്റ്റാൻഡിങ് പെർഫോമൻസ് ആയിരുന്നു രവീണ ടണ്ടൻ ചെയ്ത രാമിക സെൻ എന്ന പ്രധാനമന്ത്രി കഥാപാത്രം. കിടിലൻ ഗ്രേസ്ഫുൾ സ്ക്രീൻ പ്രെസെൻസോടെയാണ് താരം എത്തിയത്. കൂടാതെ ആ ബോൾഡ് പെർഫോമൻസ് റോക്കിക് എതിരെ ആകുമ്പോൾ ചിത്രം കൂടുതൽ ത്രിൽ നൽകുന്നും ഉണ്ട്. ശ്രീനിധി,മാളവിക, ഈശ്വരി തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങൾക്കും സിനിമയിൽ ആവോളം പ്രാധാന്യമുണ്ട്. സ്ത്രീകളെ കുറിച്ച് റോക്കി പറയുന്ന ഡയലോഗുകളിൽ ഉൾപ്പെടെ ചിത്രം അവർക്കു കൊടുക്കുന്ന ബഹുമാനം കാണിക്കുന്നുണ്ട്.

അമ്മയുടെ ഇമോഷൻസ് ഒക്കെ ഇപ്രാവശ്യവും സിനിമയുടെ നെടും തൂണാണ്. നോൺ ലീനിയർ ഫോർമാറ്റിൽ പ്രശാന്ത് കഥ പറയമ്പോഴും മാസ്സ് എലിവെറ്റ് ചെയ്യുമ്പോഴും ഒക്കെ കിട്ടുന്ന ഫീലിംഗ് സിനിമയിൽ ഉടനീളം മനോഹരമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. ഈ പ്രാവശ്യം കെജിഎഫ് കഥ പറച്ചിൽ അനന്ത് നാഗിൽ നിന്നും പ്രകാശ് രാജ് ഏറ്റു എടുത്തിട്ടുണ്ട്. എല്ലാവിധ ഇമോഷനോട് കൂടിയും കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രകാശ് രാജിന്റെ പ്രകടനം കൊണ്ടും സാധ്യമായിട്ടുണ്ട്.

സിനിമയുടെ അതിപ്രധാനമായ മറ്റൊരു ഘടകം രവി ബാസൂർ ബിജിഎം തന്നെ ആണ്. ഒരിക്കൽ കൂടി അത് തരുന്ന രോമാഞ്ചം വാക്കുക്കൾക്ക് അതീതമാണ്. തീയേറ്ററിൽ അതിന്റെ ഇമ്പാക്ട് അനുഭവിച്ചു തന്നെ അറിയണം. പാട്ടുകളും മികച്ച മാസ് ഫീലിംഗ് ആണ് ജനിപ്പിക്കുന്നത്. തൂഫാൻ, സുൽത്താൻ സോങ്‌സ് ഒക്കെയും ടെറാ മാസ്സ് ഇമ്പാക്ട് ആണ് സിനിമയിൽ ഉളവാകുന്നത്. അഖിലം നീ (മലയാളത്തിൽ ഗഗനം)പാട്ട് ആണെങ്കിൽ ഇമോഷണൽ തലത്തിൽ കൂടി മാസ്സ് ഫീലിംങ്ങും തരുന്നുണ്ട്.

ഭുവൻ ഗൗഡയുടെ ക്യാമറ വർക് അതിഗംഭീരം ആണ്. ഡാർക്ക്‌ മാസ്സ് മോഡ് ഉടനീളം നല്ല രീതിയിൽ സിനിമയിൽ വർക് ഔട്ട്‌ ആയിട്ടുണ്ട്. ഉജ്വാൾ കുൽക്കർണിയുടെ എഡിറ്റിംഗ് അതിന്റെ മുഴുവൻ മികവും സിനിമയിൽ പുറത്ത് എടുത്തിട്ടുണ്ട്.

റോക്കി തന്റെ അമ്മയ്ക്കു കൊടുത്ത വാക്കിന്റെ ഉറപ്പ് പോലെ അത്രേയ്ക്കു കിടിലൻ മാസ്സ് എന്റർടൈൻമെന്റ് എന്ന ഉറപ്പോട് കൂടിയാണ് സംവിധായകൻ പ്രശാന്ത് നീൽ ഈ രണ്ടാം ഭാഗം ഒരുക്കിയിട്ടുള്ളത്. വലിയ മെഗാ ഹിറ്റ്‌ പടത്തിന്റെ തുടർച്ച ആയി വരുന്ന ഈ ചിത്രം ഒരിക്കൽ പോലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. കെജിഎഫ് ആദ്യ ഭാഗം എങ്ങനെ പ്രേക്ഷകർക്ക് ഇഷ്ടപെട്ടുവോ ആ ഇഷ്ടത്തിന്റെ അളവ് ആകാശം മുട്ടെ ഉയരുന്ന തരത്തിൽ ആണ് ഈ രണ്ടാം ഭാഗത്തിന്റെയും ഔട്ട്പുട്ട് വന്നിട്ടുള്ളത്.

തീയേറ്ററിൽ സ്വയം മതിമറന്ന് രോമാഞ്ചം കൊള്ളിക്കുന്ന മാസ് സിനിമാനുഭവം പ്രേക്ഷകന് നൽകാൻ സിനിമയ്ക്ക് കഴിയുന്നു. മാസ്സ് രംഗങ്ങൾ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും ഒക്കെ തരുന്ന മാസ്സ് ഫീൽ പറഞ്ഞ് അറിയിക്കാനാവില്ല. സിനിമയുടെ ടൈറ്റിൽ തെളിയുമ്പോൾ, റോക്കി എൻട്രി, ഇന്റർവെൽ പഞ്ച്, ഇന്റർവെൽ ശേഷം ഉള്ള റോക്കി – അധീര സീൻസ്,ക്ലൈമാക്സ്‌ സീൻസ് പിന്നെ അവസാനം എൻഡ് ക്രെഡിറ്സ് സീൻ. ഇത്തരത്തിൽ ത്രസിപ്പിക്കുന്ന നിരവധി സീൻസ് കൊണ്ട് ചിത്രം ഒരു ബിഗ് സ്ക്രീൻ മസ്റ്റ് വാച്ച് ചിത്രമാകുന്നു.

ഒരു കമർഷ്യൽ മാസ്സ് എന്റർടൈൻമെന്റ് സിനിമ എന്ന നിലയ്ക്ക് ഇന്ത്യൻ സിനിമയിൽ തന്നെ കെജിഎഫ് ഫ്രാഞ്ചൈസി ചരിത്രപ്രധാനമായ അടയാളപെടുത്തലായി മാറുന്നു. അത് ഒരു ബ്രാൻഡ് തന്നെ ആണ്. അതിനെ അരക്കിട്ടുറപ്പിക്കുന്ന സിനിമ അനുഭവം സമ്മാനിക്കുകയാണ് ‘കെജിഎഫ് ചാപ്റ്റർ 2’ എന്ന് നിസംശയം പറയാം.

KGF Chapter 2 Review | Reviewed by AR Sreejith for Newscoopz

‘ബീസ്റ്റ്‌’ മോഡ് ഓൺ ആയോ; ആരാധകരുടെയും നിരൂപകരുടെയും പ്രതികരണങ്ങൾ…

ആടിപാടി സൂപ്പർ നായികമാരും വിജയും; ‘കാതുവാക്കിലെ രണ്ടു കാതല്‍’ സോങ്ങ്