in

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഒക്ടോബർ 31 ന്; മികച്ച നടനാകാൻ മോഹൻലാലും മമ്മൂട്ടിയും ആസിഫ് അലിയും?

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഒക്ടോബർ 31 ന്; മികച്ച നടനാകാൻ മോഹൻലാലും മമ്മൂട്ടിയും ആസിഫ് അലിയും?

2024 ലെ മികച്ച മലയാള ചലച്ചിത്ര സൃഷ്ടികൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ഒക്ടോബർ 31-ാം തീയതി രാവിലെ പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും. ഒരുപിടി മികച്ച ചിത്രങ്ങൾ പുറത്ത് വന്ന 2024 ൽ ഗംഭീര പ്രകടനങ്ങളുമായി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സര രംഗത്തുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ടോവിനോ തോമസ്, വിജയരാഘവൻ, ഫഹദ് ഫാസിൽ എന്നിവരെല്ലാം മികച്ച നടനുള്ള അവാർഡിനായി മത്സര രംഗത്തുണ്ട്.

ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ മലയ്‌ക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനമാണ് മോഹൻലാലിനെ മത്സരത്തിൽ നിർത്തുന്നതെങ്കിൽ, ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിക്ക് സാധ്യത നൽകുന്നത്. രേഖാചിത്രം, ആഡിയോസ് അമിഗോ, ലെവൽ ക്രോസ്, കിഷ്കിന്ധാകാണ്ഡം എന്നീ നാല് ചിത്രങ്ങളുമായി ആസിഫ് അലി മത്സര രംഗത്തുള്ളപ്പോൾ കിഷ്കിന്ധാകാണ്ഡത്തിലെ മികച്ച പ്രകടനത്തിലൂടെ വിജയ രാഘവനും മികച്ച നടനാവാനുള്ള തയ്യാറെടുപ്പിലാണ്.

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മൂന്നു റോളുകളിൽ കാഴ്ചവെച്ച പ്രകടനത്തിലൂടെ ടോവിനോ തോമസും, ആവേശം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെ ഫഹദ് ഫാസിലും കടുത്ത മത്സരം തന്നെ കാഴ്ചവെക്കുന്നുണ്ട് എന്നാണ് വാർത്തകൾ പറയുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ ഉള്ളത്.

128 ചിത്രങ്ങള്‍ മല്‍സരത്തിനെത്തിയെങ്കിലും പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം അതിന്റെ മൂന്നിലൊന്നു ചിത്രങ്ങൾ മാത്രമാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണയില്‍ എത്തിയത് എന്നാണ് വിവരം. കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസിം, ഷംല ഹംസ, സുരഭി ലക്ഷ്മി എന്നിവരാണ് മികച്ച നടിമാരാകാനുള്ള മത്സരത്തിൽ മുൻനിരയിലുള്ളത്. ചിത്രങ്ങൾ ജൂറി കണ്ടു തീർന്നില്ലെങ്കിൽ അവാർഡ് പ്രഖ്യാപനം നവംബർ ഒന്നിലേക്കോ രണ്ടിലേക്കോ മാറുമെന്നും സൂചനയുണ്ട്.

ഓപ്പറേഷൻ സിന്ദൂർ; പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ- മേജർ രവി ടീം?