കമ്പളയുടെ വീര്യവുമായി ‘മാവീരൻ’; രാജ് ബി ഷെട്ടിയുടെ ‘കരാവലി’ ഫസ്റ്റ് ലുക്ക് പുറത്ത്

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘സു ഫ്രം സോ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും പ്രേക്ഷകരെ രസിപ്പിക്കാൻ കന്നഡ താരം രാജ് ബി ഷെട്ടി ഒരുങ്ങുന്നു. ഗുരുദത്ത് ഗാനിഗ സംവിധാനം ചെയ്യുന്ന ‘കരാവലി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. കയ്യിലൊരു തീപ്പന്തവും ചുറ്റും രണ്ട് പോത്തുകളുമായി തീക്ഷ്ണമായ ഭാവത്തോടെ നിൽക്കുന്ന രാജ് ബി ഷെട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. “മൃഗം vs മനുഷ്യൻ” എന്ന ടാഗ്ലൈനോടെ ആണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
പ്രജ്വാൾ ദേവരാജാണ് ചിത്രത്തിലെ നായകൻ. എന്നാൽ, കഥയെ മുന്നോട്ട് നയിക്കുന്ന ‘മാവീര’ എന്ന അതിനിർണായകമായ കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നത്. ‘മണ്ണിൽ നിന്നുയിർത്ത ആത്മാവ്’ എന്നാണ് സംവിധായകൻ ഗുരുദത്ത് ഗാനിഗ ഈ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. കർണാടകയുടെ തീരദേശ സംസ്കാരത്തിന്റെ ഭാഗമായ കമ്പള പശ്ചാത്തലമാകുന്ന ഈ ചിത്രത്തിലെ മാവീരന്റെ വേഷത്തിലേക്ക് രാജ് ബി ഷെട്ടിയെത്തിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.

മാവീരനായി അനുയോജ്യനായ നടനെ കണ്ടെത്തുകയെന്നത് സംവിധായകന് വലിയ വെല്ലുവിളിയായിരുന്നു. തീരദേശത്തിന്റെ ആചാരങ്ങളും ജീവിതവും അടുത്തറിയുന്ന ഒരാളെയാണ് അണിയറപ്രവർത്തകർ തേടിയത്. പലരുമായി സംസാരിച്ചെങ്കിലും ഒന്നും ശരിയായില്ല. തുടർന്നാണ് അവർ രാജ് ബി ഷെട്ടിയെ സമീപിക്കുന്നത്. എന്നാൽ ‘സു ഫ്രം സോ’ ഉൾപ്പെടെ മറ്റു സിനിമകളുടെ തിരക്കിലായിരുന്നതിനാൽ അദ്ദേഹം ആദ്യം താൽപ്പര്യം കാണിച്ചില്ല. പക്ഷേ, സംവിധായകൻ പിന്മാറിയില്ല. നീണ്ട അഞ്ച് കൂടിക്കാഴ്ചകൾക്കൊടുവിൽ, ചിത്രീകരിച്ച ചില ഭാഗങ്ങൾ കാണാൻ രാജ് സമ്മതിച്ചു. ആ ദൃശ്യങ്ങൾ കണ്ടതോടെ അദ്ദേഹം മാവീരനാകാൻ തയ്യാറാവുകയായിരുന്നു. “അദ്ദേഹം മാവീരനെ അവതരിപ്പിക്കുകയായിരുന്നില്ല, മാവീരനായി ജീവിക്കുകയായിരുന്നു” എന്ന് സംവിധായകൻ പറയുന്നു.
തീരദേശ കർണാടകയുടെ പശ്ചാത്തലത്തിൽ അതിജീവനം, വിശ്വസ്തത, മനുഷ്യനും മൃഗവും തമ്മിലുള്ള സംഘർഷം എന്നിവയാണ് ‘കരാവലി’യുടെ പ്രമേയം. പ്രജ്വാൾ ദേവരാജിനും രാജ് ബി ഷെട്ടിക്കും പുറമെ സമ്പാത നായികയായും മിത്ര, രമേശ് ഇന്ദിര എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്നു. സച്ചിൻ ബസ്രൂറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അഭിമന്യു സദാനന്ദനാണ് ഛായാഗ്രഹണം. വികെ ഫിലിം അസോസിയേഷനും ഗാനിഗ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.