മോഹൻലാലും പ്രഭാസും വിഷ്ണു മഞ്ചുവും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; ‘കണ്ണപ്പ’ നാളെ തിയേറ്ററുകളിലേക്ക്…

വമ്പൻ താരനിരയുമായി വിഷ്ണു മഞ്ചുവിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’ നാളെ തിയേറ്ററുകളിലെത്തും. മോഹൻലാലിന്റെ സാന്നിധ്യമാണ് മലയാളികളെ ഈ പാൻ-ഇന്ത്യൻ ചിത്രത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ കിരാതന്റെ വേഷത്തിലെത്തുന്നു എന്നതും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുന്നുണ്ട്. പ്രീ-ബുക്കിംഗിൽ മികച്ച പ്രതികരണം നേടിയ ചിത്രം, ഒരു ദൃശ്യ വിരുന്നൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ‘കണ്ണപ്പ’യിൽ മോഹൻലാലിന് പുറമെ പ്രഭാസ്, അക്ഷയ് കുമാർ, മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശീർവാദ് സിനിമാസാണ്.
ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘കണ്ണപ്പ’, ഭഗവാൻ ശിവനോടുള്ള അചഞ്ചലമായ ഭക്തിയാൽ ജീവിച്ച ഒരു ഇതിഹാസ ഭക്തന്റെ യാത്രയാണ് പറയുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, ട്രെയിലർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഡോ. മോഹൻ ബാബു AVA എന്റർടൈൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ നിർമ്മിച്ച് മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ പാൽ-ഇന്ത്യൻ ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ്. ബോളിവുഡ് സംവിധായകൻ മുകേഷ് കുമാർ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ കെച്ചയാണ്. സ്റ്റീഫൻ ദേവസി സംഗീതവും ആന്റണി ഗോൺസാൽവസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അർപ്പിത് രംഗ, ബ്രഹ്മാനന്ദം, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.