മോഹൻലാൽ ചിത്രം വില്ലനിലെ ആദ്യ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർ വൺ!
മോഹൻലാൽ നായകനായ വില്ലൻ എന്ന ക്രൈം ത്രില്ലറിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ ഇന്ന് പുറത്തിറങ്ങി. പുറത്തിറങ്ങി ഏഴു മണിക്കൂറിനകം 228000 യൂട്യൂബ് വ്യൂസ് നേടിയ ഈ ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ നമ്പർ വൺ ആയി കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
യൂട്യൂബ് വ്യൂസിൽ ഈ ഗാനം പുതിയ റെക്കോർഡ് സൃഷ്ടിക്കുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നത്. 19 മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാരെ സൃഷ്‌ടിച്ച മോഹൻലാൽ ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മൽ എന്ന ഗാനമാണ് ഇപ്പോൾ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്, മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സോങ് വിഡിയോയും ജിമ്മിക്കി കമ്മൽ ആണ്.
യേശുദാസ് ആലപിച്ച കണ്ടിട്ടും കണ്ടിട്ടും എന്ന ഗാനമാണ് വില്ലനിലെ ഇന്ന് പുറത്തു വന്ന ഗാനം. ടീം ഫോർ മ്യൂസിക്സ് സംഗീതം പകർന്ന ഈ ഗാനം വളരെ മനോഹരമായാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഈ രംഗം മോഹൻലാൽ- മഞ്ജു വാര്യർ ടീമിന്റെ വിസ്മയിപ്പിക്കുന്ന സ്ക്രീൻ കെമിസ്ട്രി കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുകയാണ്.
ഈ ഗാനം നേടുന്ന വമ്പൻ സ്വീകരണം കുടുംബ പ്രേക്ഷകരെ വൻ തോതിൽ ഈ ചിത്രത്തിലേക്ക് ആകർഷിക്കും എന്നുറപ്പാണ്. റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം റിലീസിന് മുൻപേ തന്നെ പത്തര കോടി രൂപയുടെ ബിസിനസ് നടത്തി പുലി മുരുകൻ കഴിഞ്ഞാൽ ഏറ്റവും വലിയ പ്രീ-റിലീസ് നടത്തിയ മലയാള ചിത്രം എന്ന നേട്ടം കൈവരിച്ചു കഴിഞ്ഞു.
തമിഴ് നടൻ വിശാൽ, ഹൻസിക, തെലുങ്കിൽ നിന്നുള്ള ശ്രീകാന്ത് , രാശി ഖന്ന, മലയാളി താരങ്ങളായ ചെമ്പൻ വിനോദ്, അജു വർഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്, മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി വില്ലൻ ഒക്ടോബർ 27 നു തീയേറ്ററുകളിൽ എത്തും.