നാടകാചാര്യൻ എൻ എൻ പിള്ളയായി നിവിൻ പോളി എത്തുന്നു; സംവിധാനം രാജീവ് രവി!
കഴിഞ്ഞ ദിവസമായിരുന്നു യുവ താരം നിവിൻ പോളി തന്‍റെ ജന്മദിനം ആഘോഷിച്ചത്. ആരാധകരും സുഹൃത്തുക്കളുമെല്ലാം നിവിനെ ആശംസകൾ കൊണ്ട് മൂടി. എന്നാൽ നിവിൻ പോളിയാവട്ടെ ഒരു വമ്പൻ സർപ്രൈസ് നൽകിയാണ് ആരാധകരെ ഞെട്ടിച്ചത്. രാജീവ് രവി അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ നിവിൻ ആണ് നായകൻ. ആ വാർത്ത ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ടാണ് നിവിനും രാജീവ് രവിയും പ്രേക്ഷകരെ ഞെട്ടിച്ചത്.
നാടകാചാര്യനും നടനുമായ എൻ എൻ പിള്ളയുടെ ജീവചരിത്രം ആണ് ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുക . എൻ എൻ പിള്ളയായി ആണ് നിവിൻ പോളി എത്തുന്നത്.
ഗോഡ് ഫാദർ, നാടോടി എന്നീ ചിത്രങ്ങളിലൂടെ എൻ എൻ പിള്ള മലയാളി പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഗോഡ് ഫാദറിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.
ഇ ഫോർ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം അവരുടെയും ഇത് വരെയുള്ള ഏറ്റവും വലിയ പ്രൊഡക്ഷൻ ആണ്.
2018 ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ എൻ എൻ പിള്ളയുടെ നാടക ജീവിതവും സിനിമാ ജീവിതവും മാത്രമല്ല, അദ്ദേഹം സ്വതന്ത്ര സമര സേനാനി ആയിരുന്നപ്പോഴത്തെ കാര്യങ്ങളും , നേതാജി സുബാഷ് ചന്ദ്ര ബോസിനൊപ്പം ഐ എൻ എയിൽ പ്രവർത്തിച്ചപ്പോഴത്തെ ജീവിത സമരങ്ങളും വിഷയമാകും. കേരളത്തിന്‍റെ ചരിത്രവും ഐ എൻ എയിൽ കേരളീയർ വഹിച്ച പങ്കുമെല്ലാം ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിലെത്തും.
നടൻ വിജയ രാഘവന്റെ അച്ഛൻ കൂടിയാണ് എൻ എൻ പിള്ള . അതുകൊണ്ട് തന്നെ എൻ എൻ പിള്ളയുടെ ജീവിതം സിനിമയാക്കാൻ അനുവാദം നൽകിയതിൽ ഇ ഫോർ എന്റർടൈൻമെന്റ് വിജയരാഘവനും നന്ദി പറയുന്നുണ്ട്.
നിവിൻ പോളി ഇപ്പോൾ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കുകയാണ്. റിച്ചി എന്ന തമിഴ് സിനിമയും ഹേ ജൂഡ് എന്ന മലയാളം സിനിമയും ആണ് നിവിന്റെ അടുത്ത റിലീസുകൾ.
മൂത്തോൻ എന്ന ഗീതു മോഹൻദാസ് ചിത്രം പൂർത്തിയാക്കാനുണ്ട് ഇനി നിവിന്. രാജീവ് രവിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. അത് പോലെ തന്നെ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ, പ്രഭു രാധാകൃഷ്ണൻ ഒരുക്കുന്ന തമിഴ് ചിത്രം എന്നിവയും നിവിൻ പോളി കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ആണ്. വേറെയും മികച്ച ചിത്രങ്ങൾ നിവിനെ കാത്തിരിക്കുന്നുണ്ട്.