പൃഥ്വിരാജിന്റെ മാസ് ചിത്രം ‘കടുവ’ വൈകാൻ കാരണം ഇതാണ്…

ജൂൺ 30ന് റിലീസ് നിശ്ചയിച്ചിരുന്ന ‘കടുവ’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് അടുത്ത ആഴ്ചയിലേക്ക് നീട്ടി വെച്ചതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോൾ പുറത്തു വരുന്ന വാർത്ത അനുസരിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് നീട്ടാൻ കാരണമായിരിക്കുന്നത് ‘ഒറിജിനൽ കുറുവച്ചൻ’ ആണെന്നത് ആണ്. പാലാ സ്വദേശിയും പ്ലാന്ററുമായ കുരുവിനാകുന്നേൽ കുറുവച്ചൻ എന്ന് അറിയപ്പെടുന്ന ജോസ് കുരുവിനാകുന്നേൽ ഹൈകോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നാണ് സൂചന.
കടുവ എന്ന സിനിമ നിലവിലെ രൂപത്തിൽ റിലീസ് ചെയ്താൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിൽ ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി സെൻസർ ബോർഡിനു നിർദേശം നൽകിയിരിക്കുക ആണെന്ന വർത്തയാണ് പുറത്തുവരുന്നത്.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നാണു താൻ അറിയപ്പെടുന്നത് സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ ജീവിതത്തിലുണ്ടായ യഥാർഥ സംഭവങ്ങളും അതിനൊപ്പം വ്യാജമായവ ഇടകലർത്തിയുമാണു സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചതാണെന്നു പ്രേക്ഷകർ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹർജിയിൽ അറിയിച്ചു. അതേസമയം, കടുവ കുറുവച്ചന്റെ കഥയല്ലെന്നും സാങ്കൽപ്പിക കഥാപാത്രമാണെന്നും ആണ് തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ വിശദീകരണം.