അഞ്ച് ദിവസം കൊണ്ട് കിരീടത്തിന്‍റെ തിരക്കഥ എഴുതി, 8 മാസമായിട്ടും ‘ഭീഷ്മർ’ പൂർത്തിയായില്ല, അത്ര ഹെവി ആയിരുന്നു ആ തിരക്കഥ…
ലോഹിദാസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഭീഷ്മർ. ലോഹിദാസിന്റെ സ്വപ്ന ചിത്രമെന്ന് വിശേഷിപ്പിച്ചിരുന്ന ചിത്രത്തില്‍ നായകനായി അദ്ദേഹം മനസ്സില്‍ കണ്ടത് മോഹന്‍ലാലിനെ ആയിരുന്നു. പക്ഷെ ലോഹിദാസിന്‍റെ വിയോഗത്താൽ ചിത്രം നടക്കാതെ പോയി. ജോണി സാഗരിക ആണ് ഈ ചിത്രം നിർമ്മിക്കാൻ ഇരുന്നത്. ഇന്ന് ലോഹിദാസ് ഓർമയായിട്ട് 13 വർഷങ്ങൾ തികയുക ആണ്. അതിനോട് അനുബന്ധിച്ച് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മകൻ വിജയ് ശങ്കർ ലോഹോദസിന്റെ സ്വപ്നമായ ‘ഭീഷ്മ’രെ കുറിച്ച് പറയുകയുണ്ടായി.
മരിക്കുന്ന സമയത്ത് അദ്ദേഹം മോഹൻലാലിനെ നായകനാക്കി ഭീഷ്മർ എന്ന ചിത്രം ഒരുക്കാനുള്ള ജോലിയിലായിരുന്നു എന്ന് മകൻ പറയുന്നു. കിരീടത്തിന്റെ തിരക്കഥ അഞ്ച് ദിവസം കൊണ്ടാണ് അദ്ദേഹം എഴുതിയത് എന്നാൽ എട്ടോളം മാസം എടുത്തിട്ടും ഭീഷ്മർ എഴുതിതീർക്കാൻ സാധിച്ചില്ല. ആ തിരക്കഥ അദ്ദേഹത്തിന് പോലും കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര ഹെവി ആയിരുന്നു എന്ന് മകൻ വെളിപ്പെടുത്തി. തന്റെ മികച്ച കഥാപാത്രങ്ങൾ ഇനി വരാൻ ഇരിക്കുന്നതെ ഉള്ളൂ എന്ന് ആ സമയത്തു ലോഹിദാസ് ഒരു അഭിമുഖത്തിൽ പറഞ്ഞത് മകൻ ഓർമ്മപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ജീവിച്ചിരുന്നേൽ മനോഹരമായ ഒരുപാട് കഥാപാത്രങ്ങൾക്ക് ജന്മം നൽകിയേനെ എന്ന് മകൻ വിജയ് ശങ്കർ പറയുന്നു. ‘കലാകാരന് പ്രായമില്ല, അയാളുടെ സർഗ്ഗാത്മകത വീഞ്ഞ് പോലെയാണ്. പഴകും തോറും വിര്യം കൂടിയേക്കാം’ – വിജയ് കൂട്ടിച്ചേർത്തു.