ബോക്സ് ഓഫീസിൽ ‘ജവാൻ’ തരംഗം തുടരുന്നു; 850 കോടി കളക്ഷനും മറികടന്നു കുതിക്കുന്നു…

0

ബോക്സ് ഓഫീസിൽ ‘ജവാൻ’ തരംഗം തുടരുന്നു; 850 കോടി കളക്ഷനും മറികടന്നു കുതിക്കുന്നു…

ബോളിവുഡിന്റെ ഏറ്റവും പുതിയ സെൻസേഷൻ ഹിറ്റായ ജവാൻ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി കുതിക്കുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 7-ന് ആയിരുന്നു റിലീസ് ചെയ്‌തത്. റിലീസ് ചെയ്ത് 11 ദിവസങ്ങൾക്കുള്ളിൽ “ജവാൻ” റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിൽ നിന്ന് 430.44 കോടി നെറ്റ് കളക്ഷൻ ആയി നേടി ഏറ്റവും വേഗത്തിൽ 400 കോടി കടന്ന ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്.

എന്നാൽ ജവാന്റെ വിജയം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷൻ 858.68 കോടിയാണ്. റെക്കോർഡ് വേഗത്തിൽ ആണ് ഈ കളക്ഷൻ ചിത്രം നേടിയിരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുമ്പോളേക്കും ചിത്രം 1000 കോടി ക്ലബ്ബിലും ഇടം പിടിക്കും എന്നാണു ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഈ വർഷം ആദ്യം പത്താൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് 1000 കോടി ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ചിരുന്നു. തുടർച്ചായി രണ്ടാമതും ഒരു 1000 കോടി ക്ലബ് ചിത്രം കൂടി ബോളിവുഡിന് ഷാരൂഖ് സമ്മാനിക്കും എന്ന പ്രതീക്ഷയാണ് ജവാന്റെ ബോക്സ് ഓഫീസ് പ്രകടനവും നൽകുന്നത്.

നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവർ അടങ്ങുന്നത് ആണ് ചിത്രത്തിന്റെ താരനിര. ദീപിക പദുക്കോണിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഒരു പ്രത്യേകത ആയിരുന്നു.

ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തിൽ മാത്രമല്ല രാഷ്ട്രീയവും സാമൂഹികവുമായ വിവിധ വിഷയങ്ങളിലേക്ക് കടന്നുചെല്ലുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമ കൂടിയാണ് ജവാൻ. സിനിമയുടെ പ്രധാന ആഖ്യാനം ഒരു പിതാവ്-മകൻ ബന്ധത്തെ ചുറ്റിപ്പറ്റിയാണ്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.