ബേസിൽ ജോസഫ് തമിഴിലേക്ക്; അരങ്ങേറ്റം ശിവകാർത്തികേയൻ ചിത്രത്തിലൂടെ?

തമിഴ് യുവ സൂപ്പർതാരം ശിവകാർത്തികേയനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന ചിത്രമാണ് പരാശക്തി. ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിൽ തന്റെ തമിഴ് അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് മലയാളി നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്ന വാർത്തകളാണ് വരുന്നത്.
അടുത്തിടെ ആരംഭിച്ച ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂളിലാണ് ബേസിൽ ജോസഫ് ജോയിൻ ചെയ്യുക എന്നാണ് വാർത്തകൾ വരുന്നത്. ബേസിൽ ജോസഫ് ഈ ചിത്രത്തിന്റെ ഭാഗമാണെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഇതുവരെ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ശിവകാർത്തികേയനൊപ്പം ജയം രവി, അഥർവ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ നായികാ കഥാപാത്രമായി എത്തുന്നത് പ്രശസ്ത തെലുങ്ക് നടിയായ ശ്രീലീലയാണ്. ഈ വർഷം പ്രാവിന്കൂട് ഷാപ്പ്, പൊന്മാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ ബേസിലിന്റെ അടുത്ത റിലീസ് ടോവിനോ തോമസ് നിർമ്മിച്ച മരണ മാസ്സ് ആണ്.
റെഡ് ജയന്റ് മൂവീസ് ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത്. 300 കോടി ക്ലബിൽ ഇടം പിടിച്ച ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് പരാശക്തി. ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാറിന്റെ നൂറാം ചിത്രമെന്ന പ്രത്യേകതയും പരാശക്തിക്കുണ്ട്.
ഒരു പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപപ്പെടുത്തിയത് എന്നാണ് സൂചന. നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് സുധ കൊങ്ങര പ്ലാൻ ചെയ്ത ചിത്രമാണ് ഇത്. പുരനാനൂറ് എന്നായിരുന്നു അന്ന് ഈ ചിത്രത്തിന് നൽകിയ പേര്. ശിവകാർത്തികേയൻ- സുധ കൊങ്ങര ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം – രവി കെ ചന്ദ്രൻ, എഡിറ്റർ- സതീഷ് സൂര്യ, സംഘട്ടനം- സുപ്രീം സുന്ദർ. ഡിസംബറിൽ ആണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്.