in ,

“ഇത് മറ്റൊരു വിളവെടുപ്പിനുള്ള തയ്യാറെടുപ്പ്”; രസതന്ത്രം സംഗീതത്തോടെ ‘ഹൃദയപൂർവ്വം’ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പുറത്ത്…

“ഇത് മറ്റൊരു വിളവെടുപ്പിനുള്ള തയ്യാറെടുപ്പ്”; രസതന്ത്രം സംഗീതത്തോടെ ‘ഹൃദയപൂർവ്വം’ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പുറത്ത്…

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രമായ “ഹൃദയപൂർവ്വ”ത്തിൻ്റെ ലൊക്കേഷനിൽ നിന്ന് വിഷു സ്പെഷ്യൽ വീഡിയോ പുറത്തിറങ്ങി. വിഷു ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഈ സ്പെഷ്യൽ വീഡിയോയിൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നായിക മാളവിക മോഹനൻ, സംവിധായകൻ സത്യൻ അന്തിക്കാട്, സൂപ്പർ താരം മോഹൻലാൽ എന്നിവരാണ് പ്രത്യക്ഷപ്പെടുകയും വിഷു ആശംസകൾ നേരുകയും ചെയ്തു.  

പൂനെയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്ന് ആന്റണി പെരുമ്പാവൂർ പ്രേക്ഷകരെ അറിയിച്ചു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റിൽ നിന്ന് മോഹൻലാലും സത്യൻ അന്തിക്കാടും ഒക്കെ ഉൾപ്പെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ കോമ്പിനേഷനിൽ നിരവധി ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ടെന്നും, ഈ വരുന്ന ഓണത്തിന് “ഹൃദയപൂർവ്വം” റിലീസ് ചെയ്യുമെന്നും ആന്റണി പറഞ്ഞു.

കേരളത്തിലെ വിളവെടുപ്പ് കാലത്തിൻ്റെ മനോഹാരിതയെ ഓർമ്മിപ്പിച്ചുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് തൻ്റെ വാക്കുകൾ പങ്കുവെച്ചു. “കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ ഇത് വിളവെടുപ്പിന്റെ കാലമാണ്. ഞങ്ങളും മറ്റൊരു വിളവെടുപ്പിന് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.”, സത്യൻ പറയുന്നു. പൂനെയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വിഷു ആഘോഷിക്കുമ്പോഴും, മനസ്സുകൊണ്ട് തങ്ങളെല്ലാവരും പ്രേക്ഷകരോടൊപ്പമാണെന്നും സത്യൻ അന്തിക്കാട് സ്നേഹത്തോടെ അറിയിച്ചു.

ഫാമിലി പോലെ ആണ് സെറ്റ് എന്നും അതുകൊണ്ട് ഫാമിലിക്ക് ഒപ്പം സെലിബ്രേറ്റ് ചെയ്യുന്നില്ല എന്ന ഫീൽ തനിക്ക് വരുന്നില്ല എന്നും മാളവിക മോഹനൻ പറഞ്ഞു. മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രം രസതന്ത്രത്തിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ ആണ് മോഹനലാൽ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകർക്ക് വിഷു ആശംസകൾ അറിയിച്ചത്.

“എമ്പുരാന്” ശേഷം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന “ഹൃദയപൂർവ്വം,” സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20-ാമത്തെ ചിത്രമാണ്. 2015-ൽ പുറത്തിറങ്ങിയ “എന്നും എപ്പോഴും” ആയിരുന്നു ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. അഖിൽ സത്യനാണ് ഈ ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

തലയുടെ ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സ് ഓഫീസ് ഭരിക്കുന്നു; ചിത്രത്തിന് പുതിയ ബോക്സ് ഓഫീസ് റെക്കോർഡ്…

വിൻ്റേജ് അജിത്തിനെ ആഘോഷിച്ച് ബോക്സ് ഓഫീസ്; ‘ഗുഡ് ബാഡ് അഗ്ലി’ കളക്ഷൻ 172 കോടിയും പിന്നിട്ടു, റിപ്പോർട്ട്…