വിൻ്റേജ് അജിത്തിനെ ആഘോഷിച്ച് ബോക്സ് ഓഫീസ്; ‘ഗുഡ് ബാഡ് അഗ്ലി’ കളക്ഷൻ 172 കോടിയും പിന്നിട്ടു, റിപ്പോർട്ട്…

തല അജിത് കുമാറിൻ്റെ ഗംഭീര തിരിച്ചുവരവിന് സിനിമാ ലോകവും ബോക്സ് ഓഫീസും സാക്ഷ്യം വഹിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി നിന്നും വാരികൂട്ടിയത് ₹ 172 കോടിയിലധികം രൂപയാണ്. ആരാധകർ ഏറെക്കാലമായി കാത്തിരുന്ന അജിത്തിൻ്റെ വിൻ്റേജ് മാസ്സ് പ്രകടനം ഈ സിനിമയിൽ കാണാൻ കഴിഞ്ഞതിൻ്റെ ആവേശമാണ് ഈ വലിയ വിജയത്തിന് പിന്നിലെ പ്രധാന കാരണം എന്ന് നിസംശയം പറയാം. തമിഴ്നാട്ടിൽ നിന്ന് മാത്രം ആദ്യ അഞ്ച് ദിവസങ്ങളിൽ ₹ 100 കോടിയോളം രൂപ ചിത്രം സ്വന്തമാക്കി എന്നത് അവിടുത്തെ പ്രേക്ഷകരുടെ സ്വീകാര്യതയുടെ ഉത്തമ ഉദാഹരണമാണ്.
ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ മാത്രം 2 മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞത് ചിത്രത്തിൻ്റെ ജനപ്രീതിക്ക് അടിവരയിടുന്നു. ഈ വർഷം തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ‘ഗുഡ് ബാഡ് അഗ്ലി’ ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്നു. ഡ്രാഗൺ നേടിയ 152 കോടി എന്ന കളക്ഷൻ ആണ് ചിത്രം മറികടന്നത്. 100 കോടിയോളം തമിഴ് നാട്ടിൽ നിന്ന് മാത്രം നേടിയ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ബോക്സ് ഓഫീസ് പ്രകടനം മറ്റ് സംസ്ഥാനങ്ങളിലും മികച്ചതാണ്. കർണാടകയിൽ നിന്ന് ₹ 10.85 കോടിയും ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നായി ₹ 4.5 കോടിയും ചിത്രം നേടിയിട്ടുണ്ട്.
കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ആലപ്പുഴ ജിംഖാന’, ‘ബസൂക്ക’, ‘മരണ മാസ്’ എന്നീ മലയാള ചിത്രങ്ങളുടെ ശക്തമായ മത്സരത്തെ അതിജീവിച്ചാണ് കേരളത്തിൽ ‘ഗുഡ് ബാഡ് അഗ്ലി’ മുന്നേറുന്നത് എന്നത് ശ്രദ്ധേയമാണ്. ആദ്യ അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ നിന്ന് ₹ 2.85 കോടി രൂപ ചിത്രം കളക്ട് ചെയ്തു. കളക്ഷനിൽ ഒരു ഇടിവും സംഭവിക്കാതെ consistent പ്രകടനമാണ് ഇവിടെ ചിത്രം കാഴ്ചവെക്കുന്നത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ₹ 1.65 കോടിയും ചിത്രം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിന്റെ ആകെ കളക്ഷൻ 119.35 കോടിയാണ്. 52.15 കോടിയാണ് ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ.
വ്യാജമായ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വന്തം മകനുവേണ്ടി, വിരമിച്ച ഒരു ഗുണ്ട തൻ്റെ പഴയകാലത്തെ അക്രമത്തിൻ്റെ വഴിയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. എകെ “റെഡ് ഡ്രാഗൺ” എന്ന കഥാപാത്രം അജിത് കുമാർ അവതരിപ്പിച്ച ചിത്രം അധിക് രവിചന്ദ്രനാണ് സംവിധാനം ചെയ്തത്. തൃഷ കൃഷ്ണൻ, അർജുൻ ദാസ്, പ്രഭു, പ്രസന്ന, കാർത്തികേയ ദേവ, പ്രിയ വാര്യർ, സുനിൽ, ജാക്കി ഷ്രോഫ്, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, ഷൈൻ ടോം ചാക്കോ, സിമ്രാൻ (അതിഥി വേഷം) തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.