തിയേറ്ററുകളിൽ ഉത്സവമായി തല അജിത് പടം; ബോക്സ് ഓഫീസിലും സോഷ്യൽ മീഡിയ ഒട്ടാകെയും ‘ഗുഡ് ബാഡ് അഗ്ലി’ തരംഗം…

വർഷങ്ങളായി അജിത് കുമാർ ചിത്രങ്ങൾ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ആരാധകർക്ക് പലപ്പോഴും നിരാശപ്പെടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അജിത് എന്ന സൂപ്പർ താരത്തിന്റെ കടുത്ത ആരാധകനായ അധിക് രവിചന്ദ്രൻ ‘ഗുഡ് ബാഡ് അഗ്ലി’യുമായി എത്തിയത്. ഇത്തവണ കാര്യങ്ങൾ ‘തല’യുടെ ഇഷ്ടത്തിനനുസരിച്ച് തന്നെ സംഭവിച്ചിരിക്കുന്നു. ട്രെയിലറിൽ കണ്ട ആവേശവും പ്രതീക്ഷയും ഒട്ടും ചോരാതെ ബിഗ് സ്ക്രീനിൽ എത്തിക്കാൻ അധിക് എന്ന ഫാൻ ബോയ്ക്ക് സാധിച്ചിരിക്കുന്നു. ഫാൻ ബോയ് ‘സംഭവം’ ഗംഭീരമായി വിജയിച്ചിരിക്കുന്നു!
സോഷ്യൽ മീഡിയയിൽ ഒന്നെത്തി നോക്കിയാൽ മതി, ‘ഗുഡ് ബാഡ് അഗ്ലി’യുടെ തിയേറ്റർ ആഘോഷ വീഡിയോകളുടെ ഒരു പ്രളയം തന്നെ കാണാൻ സാധിക്കും. തമിഴ്നാട്ടിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ആരാധകർ ഈ ചിത്രത്തെ ഒരു ഉത്സവമായി ഏറ്റെടുത്തിരിക്കുന്നു എന്ന് ഈ കാഴ്ചകൾ വ്യക്തമാക്കുന്നു. അടിപൊളി ആക്ഷൻ രംഗങ്ങൾ, തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗുകൾ, അതിനൊപ്പം അജിത് കുമാറിൻ്റെ മാന്ത്രികമായ സ്ക്രീൻ പ്രസൻസ് എന്നിവ ഒത്തുചേർന്നപ്പോൾ ആരാധകർ ബിഗ് സ്ക്രീനിൽ സ്വപ്നം കണ്ട ചിത്രം യാഥാർത്ഥ്യമായിരിക്കുകയാണ്.
അതുകൊണ്ടുതന്നെ, ആദ്യ ദിവസം 52 കോടി കളക്ഷൻ നേടികൊണ്ട് അജിത് കുമാറിൻ്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ ഈ ചിത്രം നേടിയിരിക്കുകയാണ്. അജിത്തിൻ്റെ പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങളിലേക്കുള്ള മനോഹരമായ റെഫറൻസുകളോടെ എത്തിയ ‘ഗുഡ് ബാഡ് അഗ്ലി’ ആരാധകർക്ക് ഒരു വൻ ആഘോഷത്തിനുള്ള വക നൽകുന്നു. അവരുടെ ഓരോ വിസിലിനും കയ്യടിക്കും പിന്നിലും തലയോടുള്ള അവരുടെ സ്നേഹം നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിൻ്റെ കഥയിലേക്ക് വന്നാൽ, തെറ്റായി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വന്തം മകനുവേണ്ടി, വിരമിച്ച ഒരു ഗുണ്ട തൻ്റെ പഴയകാലത്തെ അക്രമത്തിൻ്റെ വഴിയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലുന്നതാണ് സിനിമയുടെ ഇതിവൃത്തം.
തെലുങ്ക് നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിൻ്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ഇത്. അജിത് കുമാർ എകെ “റെഡ് ഡ്രാഗൺ” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൃഷ കൃഷ്ണൻ രമ്യയായി നായികയായി എത്തുന്ന ഈ ചിത്രത്തിൽ അർജുൻ ദാസ് ജോണി, ജാമ്മി എന്നിങ്ങനെ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ പ്രഭു, പ്രസന്ന, കാർത്തികേയ ദേവ, പ്രിയ വാര്യർ, സുനിൽ, ജാക്കി ഷ്രോഫ്, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത്തിൻ്റെ മുൻകാല നായികയായ സിമ്രാൻ പ്രിയ എന്ന അതിഥി വേഷത്തിലും എത്തുന്നുണ്ട്.
അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ വിജയ് വേലുകുട്ടി ആണ്. ജി. വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. ‘ഗുഡ് ബാഡ് അഗ്ലി’ തല ആരാധകർക്ക് മാത്രമല്ല സെലിബ്രേഷൻ മോഡിൽ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഏതൊരു പ്രേക്ഷകനും ഒരു വിരുന്നാണ് സമ്മാനിക്കുന്നത് എന്നതിൽ സംശയമില്ല. അധിക് രവിചന്ദ്രൻ എന്ന കടുത്ത ആരാധകൻ തൻ്റെ ഇഷ്ടതാരത്തിന് നൽകിയ ഈ ട്രിബ്യൂട്ട് ബോക്സ് ഓഫീസിലും സോഷ്യൽ മീഡിയയിലും ഒരു തരംഗം തന്നെ സൃഷ്ടിക്കുകയാണ്.