in

ഇഡിയറ്റ്സ് ഓഫ് ഇസ്താംബുൾ; ഇംതിയാസ് അലിയുടെ ബോളിവുഡ് ചിത്രത്തിൽ ഫഹദ് ഫാസിൽ – തൃപ്തി ഡിമ്രി ജോഡി

ഇഡിയറ്റ്സ് ഓഫ് ഇസ്താംബുൾ; ഇംതിയാസ് അലിയുടെ ബോളിവുഡ് ചിത്രത്തിൽ ഫഹദ് ഫാസിൽ – തൃപ്തി ഡിമ്രി ജോഡി

സൂപ്പർ ഹിറ്റ് സംവിധായകൻ ഇംതിയാസ് അലി ഒരുക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മലയാള യുവ സൂപ്പർതാരം ഫഹദ് ഫാസിൽ. ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഇംതിയാസ് അലി. ഇഡിയറ്റ്സ് ഓഫ് ഇസ്താംബുൾ എന്നാണ് ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിന്റെ പേര്.

തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിമൽ എന്ന രൺബീർ കപൂർ ചിത്രത്തിലെ നായികാ വേഷത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് തൃപ്തി. അതിനു ശേഷം ബാഡ് ന്യൂസ്, ഭൂൽ ഭുലയ്യ 3 എന്നിവയിലും തൃപ്തി നായികാ വേഷം ചെയ്തു. റൊമാന്റിക് കോമഡി ആയി ഒരുക്കാൻ പോകുന്ന ഇഡിയറ്റ്സ് ഓഫ് ഇസ്താംബുൾ അടുത്ത വർഷം ആദ്യ പകുതിയിൽ ആരംഭിക്കുമെന്നാണ് സൂചന.

തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിലേക്കുള്ള രണ്ട് കഥാപാത്രങ്ങളുടെ യാത്രയുടെ കഥയാണ് ചിത്രം പറയുന്നതെന്നും, ഇന്ത്യയിലും യൂറോപ്പിലുമായി മൂന്ന് മാസം കൊണ്ടാകും സിനിമയുടെ ചിത്രീകരണം പൂർത്തിയാവുക എന്നുമാണ് സൂചന. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

സംവിധായകൻ ഇംതിയാസ് അലിയുടെ തന്നെ നിർമാണ കമ്പനിയായ വിൻഡോ സീറ്റ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ. പരിനീതി ചോപ്ര, ദിൽജിത് ദോസഞ്ച് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത അമർ സിംഗ് ചംകീല എന്ന സിനിമയാണ് ഇംതിയാസ് അലി സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം. അല്ലു അർജുൻ നായകനായ പുഷ്പ 2 ആണ് അവസാനം പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം.

മമ്മൂട്ടി ഫാനായ ബംഗാളിയായി അരിസ്റ്റോ സുരേഷ്; ‘മിസ്റ്റർ ബംഗാളി’ ജനുവരി 3ന് തിയേറ്ററുകളിൽ

ബേസിലിന്റെ ആദ്യ 50 കോടി ചിത്രമായി ‘സൂക്ഷ്മദർശിനി’; കളക്ഷൻ റിപ്പോർട്ട് പുറത്ത്…