“ചിരിപ്പിച്ചിരിക്കും ഈ അഡാർ കോംബോ”; ‘എങ്കിലും ചന്ദ്രികേ’ ട്രെയിലർ പുറത്ത്…
ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറന്മൂട്, സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്ന ഫീൽ ഗുഡ് കോമഡി എന്റർടെയ്‌നർ ആയ ‘എങ്കിലും ചന്ദ്രികേ’ റിലീസിന് തയ്യാറായിരിക്കുക ആണ്. പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിൽ നടനായും പ്രശസ്തമായ കരിക്ക് ഫ്ലിക്കിന്റെ ‘റോക്ക് പേപ്പർ സിസേഴ്‌സ് എന്ന യൂട്യൂബ് സീരീസിൽ സംവിധായകനായും തിളങ്ങിയ ആദിത്യൻ ചന്ദ്രശേഖർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിരഞ്ജന അനൂപ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 10ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടു.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലർ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. സുഹൃത്തുക്കളെ അറിയിക്കാതെ കല്യാണം ഉറപ്പിക്കുന്നതും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളും ആണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയ സുരാജ് വെഞ്ഞാറൻമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ നയിക്കുന്ന താരനിര പ്രേക്ഷകർക്ക് ഒരു വിരുന്നൊരുക്കുമെന്ന് പ്രതീക്ഷിക്കാം.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച്, ആൻ അഗസ്റ്റിൻ, വിവേക് തോമസ് എന്നിവർ സഹ നിർമ്മാതാക്കളും ആകുന്ന ‘എങ്കിലും ചന്ദ്രിക’യുടെ തിരക്കഥ അർജുൻ നാരായണനും സംവിധായകൻ ആദിത്യൻ ചന്ദ്രശേഖറും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലാസും, എഡിറ്റിംഗ് ലിജോ പോളും, സംഗീതം ഇഫ്തിയും ആണ് നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ‘എങ്കിലും ചന്ദ്രികേ’ തിയേറ്ററുകളിൽ എത്തും. പ്രേക്ഷകരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരുമെന്ന് ഉറപ്പുള്ള, രസകരവും വിനോദപ്രദവുമായ ഒരു സിനിമയാകും ഇതെന്ന് പ്രതീക്ഷിക്കാം. ട്രെയിലർ കാണാം: