മിനി സ്‌ക്രീനുകളിലും തീ വില; ഒടിടി – സാറ്റലൈറ്റ് റൈറ്റ്സിൽ എമ്പുരാന് വൻ മാർജിനിൽ സർവ്വകാല റെക്കോർഡ്…

മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ എമ്പുരാൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിന് ശേഷം ഒടിടിയിലും സാറ്റലൈറ്റ് അവകാശങ്ങളിലും സർവ്വകാല റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ഏപ്രിൽ 24ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, എമ്പുരാൻ്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയത് 100 കോടി രൂപയ്ക്കാണ്. ഇതിൽ 70 കോടി രൂപയ്ക്ക് ജിയോ ഹോട്ട്സ്റ്റാർ ഒടിടി അവകാശം സ്വന്തമാക്കിയപ്പോൾ, ഏഷ്യാനെറ്റ് 30 കോടി രൂപയ്ക്ക് സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കി. ഇത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ്.
ബോക്സ് ഓഫീസിലും എമ്പുരാൻ പുതിയ റെക്കോർഡുകൾ കുറിച്ചു. ചിത്രം ഇതിനോടകം ആഗോളതലത്തിൽ 115 കോടി രൂപയുടെ ഷെയർ നേടി. മലയാള സിനിമയിൽ നിന്ന് ആദ്യമായി 100 കോടി രൂപ ഷെയർ നേടുന്ന ചിത്രമെന്ന റെക്കോർഡും എമ്പുരാനാണ്. കൂടാതെ, ആഗോള ബോക്സ് ഓഫീസിൽ നിന്ന് 267 കോടി രൂപ ഗ്രോസ് കളക്ഷനായി ചിത്രം സ്വന്തമാക്കി. ഈ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ നേടിയ ചിത്രവും എമ്പുരാൻ തന്നെ.
റിലീസിന് മുൻപേ റെക്കോർഡ് പ്രീ-ബുക്കിംഗ് നേടിയ ഈ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയിരുന്നു. BookMyShow-യിൽ ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിലും ആദ്യ 24 മണിക്കൂറിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ മുൻപ് സ്വന്തമാക്കി. മലയാള സിനിമയുടെ ആദ്യത്തെ ഐമാക്സ് റിലീസ് എന്ന പ്രത്യേകതയും എമ്പുരാന് സ്വന്തമാണ്.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തി. ബോക്സ് ഓഫീസിലെ ഗംഭീര വിജയത്തിന് ശേഷം ഒടിടിയിലും റെക്കോർഡ് നേട്ടം കൈവരിച്ച എമ്പുരാൻ മിനി സ്ക്രീനുകളിലും തരംഗം സൃഷ്ടിക്കുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.