‘എമ്പുരാൻ’ വിദേശത്ത് 100 കോടി ക്ലബ്ബിൽ; മലയാള സിനിമയ്ക്ക് പുതിയ വാണിജ്യ പാതകൾ, വെറും നാല് ദിവസം കൊണ്ട് ചരിത്ര നേട്ടം!

മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ വിദേശ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നത് തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങൾക്കുള്ളിൽ വിദേശ വിപണിയിൽ നിന്ന് 100 കോടി രൂപ നേടി മലയാള സിനിമയുടെ അഭിമാനമായി തലയെടുപ്പ് ഉയർത്തി പ്രദർശനം തുടരുകയാണ്. ഞായറാഴ്ചയും ഗംഭീര കളക്ഷൻ നേടി വാരാന്ത്യത്തിൽ മികച്ച പ്രകടനം തുടരുകയാണ് ചിത്രം. ആദ്യ മൂന്ന് ദിവസങ്ങളിൽ നിന്ന് 10.043 മില്യൺ ഡോളർ (ഏകദേശം 86 കോടി രൂപ) വിദേശ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയ എമ്പുരാൻ, നാലാം ദിവസത്തെ കളക്ഷൻ കൂടി ചേരുന്നതോടെ 12 മില്യൺ ഡോളർ എന്ന നാഴികക്കല്ല് പിന്നിടും എന്നാണ് റിപ്പോർട്ട്.
റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ മഞ്ഞുമ്മൽ ബോയ്സ് നേടിയ കളക്ഷൻ മറികടന്ന് കൊണ്ട് വിദേശത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ മലയാള സിനിമ എന്ന റെക്കോർഡ് എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 12 മില്യൺ ഡോളർ നേട്ടം മലയാള സിനിമയുടെ വിപണി സാധ്യതകൾക്ക് പുതിയ വാതിലുകൾ തുറന്നിരിക്കുകയാണ്. കളക്ഷൻ ഇനിയും ഉയരും എന്നത് തീർച്ചയാണ്.
ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിക്കുമ്പോൾ, ആദ്യ നാല് ദിവസങ്ങളിൽ എമ്പുരാൻ 175 കോടിയോളം രൂപ നേടും എന്നാണ് വിലയിരുത്തൽ. കേരളത്തിൽ നിന്ന് മാത്രം 42 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രം ഹോം മാർക്കറ്റിലും പുതിയ റെക്കോർഡ് സ്ഥാപിച്ച് ഓപ്പണിംഗ് വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്.
അതേസമയം, ചിത്രത്തിലെ വിവാദ രംഗങ്ങൾ വെട്ടിമാറ്റിയ പുതിയ പതിപ്പ് നാളെ (മാർച്ച് 31) മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്നാണ് വിവരം. നേരത്തെ ഈ ആഴ്ച അവസാനത്തോടെ പുതിയ പതിപ്പ് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ന് (മാർച്ച് 30) സിനിമയുടെ പുതിയ പതിപ്പിന് സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെയാണ് ഈ പതിപ്പ് നാളെ തന്നെ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ 2002-ലെ ഗുജറാത്ത് കലാപം പരാമർശിക്കുന്ന ഭാഗങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ രംഗങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ഏകദേശം 17 മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.