ദുൽഖറിന്റെ നിർമ്മാണത്തിൽ മലയാളത്തിന്റെ യുവനിര ഒന്നിക്കുന്ന സിനിമാറ്റിക് യൂണിവേഴ്‌സ്? കല്യാണി – നസ്ലൻ ചിത്രത്തിലൂടെ തുടക്കം…
നസ്ലൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിൽ ഒരു വമ്പൻ സിനിമാറ്റിക് യുണിവേഴ്‌സ് ഒരുങ്ങുന്നു എന്ന് സൂചന. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, അതിഥി വേഷങ്ങളിൽ എത്തുന്ന താരങ്ങളിലൂടെ വളരുന്ന യൂണിവേഴ്സിൽ നാല് മുതൽ അഞ്ചു ചിത്രങ്ങൾ വരെയുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, യുവതാരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് സൂചന. ശേഷം, ഇവരെ നായകന്മാരാക്കി ഓരോ ചിത്രങ്ങളായി പുറത്തു വരുമെന്നും, അതിനു ശേഷം ഇവർ എല്ലാവരും ഒരുമിച്ചു വരുന്ന ഒരു അവസാന ചിത്രവും ഉണ്ടാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
നിമിഷ് രവി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അഡീഷണൽ തിരക്കഥ രചിച്ചത് ശാന്തി ബാലചന്ദ്രനാണ്. എഡിറ്റർ – ചമൻ ചാക്കോ. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും വേഷമിടുന്ന ചിത്രം പുരോഗമിക്കുകയാണ്. . ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുൺ ഡൊമിനിക്.
കല്യാണിയും നസ്ലനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഫഹദ് ഫാസിൽ നായകനായ ഓടും കുതിര ചാടും കുതിര എന്ന ചിത്രവും കല്യാണി നായികയായി റിലീസിന് ഒരുങ്ങുന്നുണ്ട്. ബ്രോമാൻസ്, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളാണ് നസ്ലൻ നായകനായി അടുത്ത വർഷം റിലീസിന് ഒരുങ്ങുന്നത്.