ദുൽഖർ സൽമാനൊപ്പം എസ് ജെ സൂര്യയും ആന്റണി വർഗീസും?; നഹാസ് ചിത്രം ഒരുങ്ങുന്നത് മെഗാ കാൻവാസിൽ

കഴിഞ്ഞ വർഷം ഓണം റിലീസായെത്തിയ കിംഗ് ഓഫ് കൊത്തക്ക് ശേഷം ഇതുവരെ ദുൽഖർ സൽമാൻ നായകനായ ഒരു മലയാള ചിത്രം ഒരുങ്ങിയിട്ടില്ല. ഏകദേശം ഒരു വർഷത്തെ ഇടവേളക്ക് ശേഷം ദുൽഖർ ഒരു മലയാള ചിത്രം കമ്മിറ്റ് ചെയ്തു എന്ന വാർത്തകൾക്ക് വീണ്ടും ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ വർഷം ആർഡിഎക്സ് എന്ന മാസ്സ് ചിത്രവുമായെത്തി ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രമാണ് ദുൽഖർ ഇനി മലയാളത്തിൽ ചെയ്യുക എന്നതാണ് സൂചന.
ഈ വാർത്ത കുറച്ചു നാളായി പ്രചരിക്കുന്നുണ്ടെങ്കിലും, ഇപ്പോൾ അതിന്റെ ഭാഗമായി എത്തിയ പുതിയ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് തമിഴ് സൂപ്പർ താരം എസ് ജെ സൂര്യ, മലയാളത്തിന്റെ യൂത്ത് ആക്ഷൻ സ്റ്റാർ ആന്റണി വർഗീസ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാകും എന്നാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
നഹാസ് ഒരുക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണെന്നാണ് വാർത്തകൾ പറയുന്നത്. ഇത് കൂടാതെ സൗബിൻ ഷാഹിർ, അമൽ നീരദ് എന്നിവർ പ്ലാൻ ചെയ്യുന്ന ചിത്രങ്ങളും ദുൽഖർ മലയാളത്തിൽ ചെയ്യുമെന്ന് സൂചനയുണ്ട്.
ഇപ്പോൾ സെൽവമണി സെൽവരാജ് ഒരുക്കുന്ന കാന്ത എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ദുൽഖറും റാണ ദഗ്ഗുബതിയും ചേർന്നാണ് ബഹുഭാഷാ ചിത്രമായി കാന്ത നിർമ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറാണ് ദുൽഖറിന്റെ അടുത്ത റിലീസ്. ഒക്ടോബർ മുപ്പത്തിയൊന്നിന് ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.