in

ഗോൾഡിന് പിറകെ ഇന്ന് എട്ട് ചിത്രങ്ങൾക്ക് തിയേറ്റർ റിലീസ്…

ഗോൾഡിന് പിറകെ ഇന്ന് എട്ട് ചിത്രങ്ങൾക്ക് തിയേറ്റർ റിലീസ്…

കഴിഞ്ഞ ദിവസം പൃഥ്വിരാജ് – അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിന്റെ ഗോൾഡ് തിയേറ്ററുകളിൽ എത്തിയിരുന്നു. ഇന്ന് ഗോൾഡിന് പിറകെ എട്ടോളം ചിത്രങ്ങൾ ആണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മൂന്ന് മലയാളം ചിത്രങ്ങൾ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ മറ്റ് ഭാഷകളിൽ നിന്നുള്ള അഞ്ച് ചിത്രങ്ങളും. ടീച്ചർ, സൗദി വെള്ളക്ക, ഖേദ്ദ എന്നിവയാണ് മലയാളം റിലീസുകൾ. ഹിറ്റ് ദി സെക്കന്റ്റ് കേസ്, ഗട്ട കുസ്തി, ഡിഎസ്‍പി, ആൻ ആക്ഷൻ ഹീറോ, ഡിവോഷൻ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

ടീച്ചർ

അതിരൻ ഫെയിം വിവേക് ഒരുക്കുന്ന ചിത്രമാണ് ടീച്ചർ. അമല പോൾ നായികയാകുന്ന ചിത്രത്തില്‍ ഹക്കിം ഷാ, ചെമ്പൻ വിനോദ് ജോസ്, മഞ്ജു പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ഓൺലൈൻ സ്കാൻഡലിന് ഇരയാകുന്ന ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന പ്രതീതി ചിത്രത്തിന്‍റെ ട്രെയിലര്‍ നല്‍കിയത്. വളരെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് അമല പോള്‍ തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ഇത്.

സൗദി വെള്ളക്ക

ഹിറ്റ് ചിത്രമായ ‘ഓപ്പറേഷൻ ജാവ’ ഒരുക്കിയ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ലുക്മാൻ, ബിനു പപ്പൻ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ്‌. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുനത്. അടുത്തിടെ ഗോവയിൽ നടന്ന 53-ാമത് ഐഎഫ്‌എഫ്‌ഐയിൽ പ്രീമിയർ ചെയ്‌തതിന് ശേഷം ആണ് സൗദി വെല്ലക്ക തിയേറ്ററുകളില്‍ എത്തുന്നത്.

ഖേദ്ദ-ദി ട്രാപ്പ്

നർത്തകിയും അഭിനേത്രിയുമായ ആശാ ശരത്തും മകൾ ഉത്തരയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഖേദ്ദ-ദി ട്രാപ്പ്’. മനോജ് കാന രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒരു അമ്മയുടെയും മകളുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സമ്പൂർണ ഫാമിലി ത്രില്ലറാണ് എന്ന സൂചനയാണ് ട്രെയിലർ നല്‍കിയിരിക്കുന്നത്. സുധീർ കരമന, സുദേവ് നായർ, ജോളി ചിറയത്ത്, സരയു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഹിറ്റ് ദി സെക്കന്റ്റ് കേസ്

തെലുങ്ക് ക്രൈം ത്രില്ലർ ഹിറ്റ് ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമാണ് ഹിറ്റ് ദി സെക്കന്റ്റ് കേസ്. അദിവി ശേഷും മീനാക്ഷി ചൗധരിയും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഡൽഹിയിൽ ശ്രദ്ധ വാക്കറുടെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ ചര്‍ച്ചയായിരുന്നു. ഒരു സ്ത്രീയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം എന്ന സൂചന ആണ് ട്രെയിലര്‍ നല്‍കിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ഗട്ട കുസ്തി

വിഷ്ണു വിശാൽ നായകനാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രമാണ് ഗട്ട കുസ്തി. മട്ടി കുസ്തി എന്ന പേരിൽ തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട് ഈ ചിത്രം .ഒരു സ്‌പോർട്‌സ് ഡ്രാമയായ ചിത്രം, വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. ഒരു ഗുസ്തിക്കാരനായാണ് താരം അഭിനയിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്നു ചിത്രത്തിൽ കരുണാസ്, മുനിഷ്കാന്ത്, കാളി വെങ്കട്ട്, റെഡിൻ കിംഗ്സ്ലി, അജയ്, ശ്രീജ രവി, ശത്രു എന്നിവർ സഹതാരങ്ങൾ ആയി എത്തുന്നു .

ഡിഎസ്‍പി

തമിഴ് നടൻ വിജയ് സേതുപതിയുടെ പുതിയ ചിത്രമായ ഡിഎസ്‍പിയും തിയേറ്ററുകളിൽ എത്തുകയാണ്. പൊൻറാം സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ പാക്ക് എന്റർടെയ്‌നറിൽ സേതുപതി ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. അനുക്രീതി വാസ് ആണ് നായിക. നടൻ പ്രഭാകരൻ പ്രതിനായകനായി എത്തുന്നു. കാർത്തികേയൻ സന്താനം നിർമ്മിക്കുന്ന ചിത്രം സംവിധയകന്‍ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസാണ് പ്രെസൻറ്റ് ചെയ്യുന്നത്.

ആൻ ആക്ഷൻ ഹീറോ

ആയുഷ്മാൻ ഖുറാന നായകനാകുന്ന ആക്ഷൻ ചിത്രം ആയ ആൻ ആക്ഷൻ ഹീറോ ആണ് തിയേറ്ററുകളിൽ എത്തുന്ന ബോളിവുഡ് ചിത്രം . അനിരുദ്ധ് അയ്യർ സംവിധാനം ചെയ്ത ചിത്രം ലെൻസിന് മുന്നിലും പിന്നിലുമായി ഒരു നടന്റെ യാത്രയെ പിന്തുടരുന്നു എന്ന് ട്രെയിലർ സൂചന നൽകിയിരുന്നു. ചലച്ചിത്ര നിർമ്മാതാവ് ആനന്ദ് എൽ റായിയുടെ കളർ യെല്ലോ പ്രൊഡക്ഷൻസിന്റെ ബാനറും ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഫാമിലി ഡ്രാമ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആയുഷ്മാൻ ഈ സിനിമയിലൂടെ വ്യത്യസ്തമായ ഒരു തരം പരീക്ഷണത്തിന്‌ ആണ് ഒരുങ്ങുന്നത്.

ഡിവോഷൻ

ഗ്ലെൻ പവലും ജോ ജോനാസും അഭിനയിച്ച ഹോളിവുഡ് ചിത്രമാണ് ഡിവോഷൻ. ജെ ഡി ഡില്ലാർഡ് സംവിധാനം ചെയ്ത ഈ വാർ ഡ്രാമ ആദം മക്കോസിന്റെ ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. യു.എസ്. നാവികസേനയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത ഏവിയേറ്ററായ ജെസ്സി ബ്രൗണിന്റെ പ്രചോദനാത്മകമായ യഥാർത്ഥ കഥയും സഹ ഫൈറ്റർ പൈലറ്റായ ടോം ഹഡ്‌നറുമായുള്ള അദ്ദേഹത്തിന്റെ സ്ഥായിയായ സൗഹൃദവുമാണ് ചിത്രം പറയുന്നത്.

ബോക്സ് ഓഫീസിനെ വിസ്മയിപ്പിച്ച ‘ലവ് ടുഡേ’ മണിക്കൂറുകള്‍ക്കകം ഇനി ഒടിടിയിൽ…

ഒടിടിയിൽ ജീത്തുവിന്റെ ത്രില്ലർ ചിത്രം കൂമന് സർപ്രൈസ് റിലീസ്…