അമൽ നീരദിന്റെ ‘ബോഗയ്‌ന്‍വില്ല’ അഞ്ച് ഭാഷകളിൽ ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്ത്

അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’യുടെ ഒടിടി റിലീസ് തീയതി പുറത്ത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച ചിത്രം ഡിസംബർ പതിമൂന്ന് മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ മികച്ച വിജയം നേടിയതിനു ശേഷമാണിപ്പോൾ ‘ബോഗയ്‌ന്‍വില്ല’ ഒടിടി റിലീസിന് ഒരുങ്ങുന്നത്.
സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്‌ന്‍വില്ല’യ്ക്ക് ലാജോ ജോസും അമൽ നീരദും ചേർന്നാണ് കഥ ഒരുക്കിയത്. അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായി എത്തിയ ചിത്രം പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം നല്കി. റീതുവായി എത്തിയ ജ്യോതിർമയ്യുടെയും കുഞ്ചാക്കോ ബോബന്‍റേയും ഫഹദിന്‍റേയും മികവുറ്റ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്.

വേറിട്ട രീതിയിലുള്ളൊരു സീറ്റ് എഡ്ജ് സൈക്കോളജിക്കൽ ക്രൈം ത്രില്ലറുമായി മാസ് ആക്ഷൻ സിനിമകളൊരുക്കാറുള്ള അമൽ നീരദ് എത്തിയതും വ്യത്യസ്തത നല്കി. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ, ജിനു ജോസഫ് തുടങ്ങിയവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. ചിത്രത്തിലേതായി ഇറങ്ങിയ ‘സ്തുതി’, ‘മറവികളെ പറയൂ…’ എന്നീ ഗാനങ്ങൾ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.
സുഷിൻ ശ്യാമിന്‍റെ സംഗീതവും ആനന്ദ് സി ചന്ദ്രന്‍റെ ഛായാഗ്രഹണവും വിവേക് ഹർഷന്‍റെ എഡിറ്റിംഗും സിനിമയുടെ ആത്മാവ് തന്നെയാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.