പാന്‍ ഇന്ത്യന്‍ ചിത്രം ‘ജെന്റിൽമാൻ 2’വിൽ നായികയാകാന്‍ ബേബി നയന്‍താര…
1993 ൽ തമിഴിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ജെന്റില്‍മാന് രണ്ടാം ഭാഗം ഒരുങ്ങുക ആണ്. വമ്പന്‍ സിനിമകള്‍ ഒരുക്കുന്ന ശങ്കറിന്റെ അരങ്ങേറ്റ സംവിധാന സംരംഭം കൂടിയായിരുന്ന ഈ ചിത്രത്തില്‍ അര്‍ജുന്‍, മധുബാല എന്നിവര്‍ ആയിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍ ആയി എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് ആദ്യ ഭാഗത്തിന്‍റെ നിര്‍മ്മാതാവ് ആയ കെ ടി കുഞ്ഞുമോന്‍ തന്നെയാണ്. ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുക ആണ്.
മലയാളത്തിൽ ബാലതാരമായി തിളങ്ങിയ ബേബി നയൻതാര ആണ് രണ്ടാം ഭാഗത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ഔദ്യോഗികമായി ഇക്കാര്യം നിര്‍മ്മാതാവ് സ്ഥിരീകരിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം നയന്‍താരയും പങ്കുവച്ചിട്ടുണ്ട്. നിര്‍മ്മാതാവിന് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കെ ടി കുഞ്ഞുമോന്‍ നിര്‍മ്മാണ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് ജെന്റില്‍മാൻ 2.
പാൻ-ഇന്ത്യൻ ചിത്രമായി വമ്പൻ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം എത്തും എന്നാണ് വിവരം. ഏതാനും മാസങ്ങൾക്ക് മുമ്പ് കീരവാണിയെ ചിത്രത്തിന്റെ സംഗീത സംവിധായകനായി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോളും ചിത്രത്തിന്‍റെ സംവിധായകനെ പറ്റിയോ നായകനെ പറ്റിയോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകും.
മലയാളത്തിലെ ജനപ്രിയ ബാലതാരമായി തിളങ്ങിയ ബേബി നയന്‍താര തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കുസേലനിലും അഭിനയിച്ചിരുന്നു. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച നയൻതാര 2016 ന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കുക ആയിരുന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താരം ഇപ്പോൾ നായികയായി തിരിച്ചു വരിക ആണ്.