in ,

“തൊണ്ണൂറുകളുടെ നൊസ്റ്റാൾജിയിൽ മികച്ചൊരു ത്രില്ലർ അനുഭവം”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിവ്യൂ…

“തൊണ്ണൂറുകളുടെ നൊസ്റ്റാൾജിയിൽ മികച്ചൊരു ത്രില്ലർ അനുഭവം”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിവ്യൂ…

1990 കാലഘട്ടം പശ്ചാത്തലമാക്കി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. അതാണ് ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും. രണ്ട് പകുതികളിലായി രണ്ട് കേസുകൾ ടൊവിനോ അവതരിപ്പിക്കുന്ന എസ് ഐ ആനന്ദ് നാരായണൻ എന്ന നായക കഥാപാത്രം അന്വേഷിക്കുന്നു. രണ്ട് ചിത്രങ്ങൾ കാണുന്ന പ്രതീതി സൃഷ്ടിച്ച് ആണ് ഈ ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്.

കോളിളക്കം സൃഷ്ടിച്ച ലൗലി മാത്തൻ കേസ് കാരണം പോലീസ് കരിയറിൽ തന്നെ എന്തോ അരുതാത്തത് സംഭവിച്ച എസ് ഐ ആനന്ദ് നാരായണനിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്. എന്തായിരുന്നു ഈ കേസ്, എങ്ങനെ, എവിടെ വെച്ചാണ് സംഭവിച്ചത്, അന്വേഷിച്ച എസ് ഐ ആനന്ദിന് വിജയകരമായി ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞോ, അതോ പരാജയപ്പെട്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിലേക്ക് സ്വാഭാവികമായി തന്നെ ഈ ചിത്രം എത്തിക്കുന്നു. തുടർന്ന് അങ്ങോട്ട് പ്രേക്ഷകരെയും കൂട്ടി വലിയ വേഗത്തിൽ അല്ലെങ്കിലും ഒരു റോളർ കോസ്റ്റർ റൈഡ് ആണ് ഈ ചിത്രം.

മനസ്സിൽ പ്രേക്ഷകർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ട്വിസ്‌റ്റും നൽകി ഒന്നാം പകുതി അവസാനിക്കുന്നു. രണ്ടാം പകുതിയിൽ ആകട്ടെ മറ്റൊരു കേസിലേക്ക് ആണ് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്നത്. അതും അതിലേറെ വെല്ലുവിളി നിറഞ്ഞ പലരും അന്വേഷിച്ചിട്ട് എങ്ങും എത്താതെ നിൽക്കുന്ന ഒരു കേസ് – ശ്രീദേവി മർഡർ കേസ്. അന്വേഷിച്ചു ഒന്ന് ഇറങ്ങാൻ പോലും ബുദ്ധിമുട്ട് ആകുന്ന നിലയിൽ നിൽക്കുന്ന ഈ കേസ് ആനന്ദ് നാരായണനും സംഘവും എങ്ങനെ തെളിയിക്കാൻ ആണ്, അതും കരിയറിൽ അത്ര തിളക്കം ഇല്ലാതെ നിൽക്കുന്ന ഒരു അവസ്ഥയിൽ. അതിന് അവർക്ക് സാധിക്കുമോ? ഇത്രയും പോരേ ചിത്രം പ്രേക്ഷകരെ പിടിച്ചു ഇരുത്താൻ.

ആദ്യ സംവിധാനം സംരംഭം എന്നതിൻ്റെ ഒരു പോരായ്മകളും കാണിക്കാതെ അതി ഗംഭീരമായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ഡാർവിൻ കുരിയാക്കോസ്. പഴയ കാലഘട്ടം എന്ന നിലയിലുള്ള വലിയ ഒരു വെല്ലുവിളി മുന്നിൽ ഉണ്ടായിട്ടും അതിനെയും മറികടന്ന് സപ്സൻസും ഇമോഷൻസും ഒക്കെ അടങ്ങി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം മികച്ച മേക്കിംഗ് ക്വാളിറ്റിയോടെ ഡാർവിൻ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നു. അതിന് ഒപ്പം നിന്ന പ്രൊഡക്ഷൻ ടീമിനെയും ഇക്കാര്യത്തിൽ അഭിനന്ദിക്കണം. പുതിയ ഒരു പരീക്ഷണ ചിത്രം ഒരുക്കി ഒരിക്കൽ കൂടി ജിനു വി എബ്രഹാം എന്ന തിരക്കഥകൃത്ത് വിജയിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ.

90 കളുടെ കാലഘട്ടത്തെ വിശ്വസനീയമായ രീതിയിൽ പുനസൃഷ്ടിക്കാൻ ആർട്ട് ഡിപ്പാർട്ട്മെൻ്റിന് സാധിച്ചു. ഏറ്റവും ദൃശ്യ ഭംഗിയിൽ അത് ക്യാമറയിൽ ഗൗതം ശങ്കർ പകർത്തി. സന്തോഷ് നാരായണിൻ്റെ സംഗീതവും സൈജു ശ്രീധരൻ്റെ എഡിറ്റിങ്ങും ചിത്രത്തിൻ്റെ മൂഡ്, ഇമോഷൻസ് എല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാൻ വളരെ സഹായകരമായി.

എത്ര സാങ്കേതിക മികവ് ഉണ്ടെന്ന് പറഞ്ഞാലും അഭിനേതാക്കൾ കൂടി അവരുടെ ഭാഗം കൃത്യമായി ചെയ്താൽ മാത്രമേ ചിത്രം മികച്ചു നിൽക്കുകയുള്ളൂ. നായക കഥാപാത്രം ചെയ്ത ടോവിനോ തോമസ് മുതൽ ചെറിയ വേഷങ്ങളിൽ എത്തിയ നടീ നടന്മാർ വരെ അവരുടെ ഭാഗം ചിത്രം ആവശ്യപ്പെടുന്ന തരത്തിൽ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. സിദ്ധിഖ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ബാബുരാജ് തുടങ്ങി താരങ്ങളുടെ എക്സ്പീരിയൻസ് ചിത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ, അന്വേഷിപ്പിൻ കണ്ടെത്തും പല തലങ്ങളിൽ മികവ് കാട്ടുന്നൊരു സിനിമയാണ് – പിടുത്തമുളള കഥാ സന്ദർഭം, ശക്തമായ പ്രകടനങ്ങൾ, സാങ്കേതിക തികവ് ഇവയെല്ലാം ഒരേ പോലെ ഒത്ത് വന്നൊരു സിനിമ. ജിനു എബ്രഹാമിൻ്റെ തിരക്കഥയുടെ ബലത്തിൽ ഒരു സ്പെൽ ബൈൻഡിങ് ത്രില്ലർ തന്നെ ഡാർവിൻ കുരിയാക്കോസ് ഒരുക്കിയിരിക്കുന്നു. ടോവിനോ തോമസ് ഉൾപ്പെടെയുള്ള താരങ്ങളുടെ മികവാർന്ന പ്രകടനം കൊണ്ടും ശ്രദ്ധേയമാകുന്ന ഈ ചിത്രം സിനിമ ആസ്വാദകർ തീർച്ചയായും ബിഗ് സ്ക്രീനിൽ തന്നെ കാണേണ്ട സിനിമയാണ്.

മലയാളത്തിന് വീണ്ടുമൊരു സൂപ്പർ ഹീറോ?; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ടീസർ കാണാം..

84ലെ ജോളി കൊലപാതക കേസ് വീണ്ടും ചർച്ചയാവുന്നു; കേരളത്തെ ഞെട്ടിച്ച കേസ് ഓർമ്മപ്പെടുത്തി ‘അന്വേഷിപ്പിൻ കണ്ടെത്തും’…