വിജയത്തിളക്കത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ നിർമ്മാതാക്കൾ; ഇനി വരുന്നത് ബസൂക്കയും ഖലീഫയും, അപ്ഡേറ്റ്സ് ഇങ്ങനെ…
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുരിയാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പ്രേക്ഷകർക്ക് മികച്ച ത്രില്ലിംഗ് സിനിമ അനുഭവം നൽകി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തൊണ്ണൂറ് കാലഘട്ടം പശ്ചാത്തലമാക്കി രണ്ട് കേസുകളുടെ അന്വേഷണ കഥയാണ് പുതുമ നിറഞ്ഞ രീതിയിൽ ത്രില്ലിംഗ് ആയി ചിത്രം പറഞ്ഞത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ മിക്കപ്പോഴും കാണാറുള്ള സീരിയൽ കില്ലിംഗും നായകൻ്റെ ഹീറോയിയസവും ഒക്കെ ഒഴിവാക്കി വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയ ത്രില്ലിംഗ് ചിത്രം എന്നത് ആണ് ചിത്രത്തിൻ്റെ പ്രത്യേകത.
പ്രേക്ഷകർ ചിത്രം സ്വീകരിച്ചതോടുകൂടി അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഡാർവിൻ കുരിയാക്കോസ് എന്ന സംവിധായകൻ. തിയേറ്റർ ഓഫ് ഡ്രീംസ് എന്ന ബാനറിൽ ഡാർവിൻ്റെ ഇരട്ട സഹോദരനായ ഡോൾവിൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്. മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന രണ്ട് പ്രധാനപെട്ട ചിത്രങ്ങൾ ആണ് അടുത്തതായി ഈ ബാനറിൽ നിർമ്മിക്കപ്പെടുന്നത്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ വിജയത്തിളക്കത്തിൽ സഹോദരൻ ഡോൾവിൻ നിർമ്മിക്കുന്ന ഈ ചിത്രങ്ങളുടെ അപ്ഡേറ്റും ഡാർവിൻ പങ്കുവച്ചിരിക്കുകയാണ്.
ഡാർവിൻ്റെ വാക്കുകൾ ഇങ്ങനെ: “ബ്രദറിൻ്റെ ആണ് പ്രൊഡക്ഷൻ ഹൗസ്. ബസൂക്കയുടെ ലാസ്റ്റ് ഷെഡ്യൂൾ ഷൂട്ട് തുടങ്ങി. ഇനിയിപ്പോ കുറച്ച് ദിവസത്തെ വർക്കുകളെ ഉള്ളൂ. അത് കഴിഞ്ഞിട്ട് റിലീസിങ് പരിപാടികളിലേക്ക് പോകും എന്നാണ് എനിക്ക് തോന്നുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വെർഷൻ ആണിപ്പോൾ മമ്മൂട്ടി ഓരോ സിനിമയിലും എക്സ്പ്ലോർ ചെയ്യുന്നത്. അങ്ങനെയുള്ള ഒരു ജോണർ തന്നെയാണ് ബസൂക്കയിലും, ആളുകൾക്ക് ഇഷ്ടപ്പെടും എന്നാണ് പ്രേക്ഷകൻ എൻ നിലയിൽ എൻ്റെ ഒരു വിശ്വാസം.
ഖലീഫയുടെ എഴുത്ത് കാര്യങ്ങളിൽ ആണ് ജിനു സാർ. അതൊരു വലിയ പടമാണ്. രണ്ടുമൂന്നു ഷെഡ്യൂൾ ആയിട്ടോക്കെ ഷൂട്ട് തീരത്തുള്ളൂ. ഈ വർഷം തന്നെ ഷൂട്ട് തുടങ്ങും എന്നാണ് എനിക്ക് കിട്ടിയ ഇൻഫോർമേഷൻ.”
ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രം കാപ്പ നിർമ്മിച്ച് തുടക്കം കുറിച്ച തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ രണ്ടാമത്തെ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. അന്വേഷിപ്പിൻ കണ്ടെത്തും തിരക്കഥാകൃത്ത് ജിനു വി എബ്രഹാം തിയേറ്റർ ഓഫ് ഡ്രീംസിൽ ഡോൾവിൻ്റെ പങ്കാളി ആണ്.