in

അൽഫോൺസ് പുത്രൻ – നിവിൻ പോളി ടീം വീണ്ടും; പ്രഖ്യാപനം ഉടൻ?

അൽഫോൺസ് പുത്രൻ – നിവിൻ പോളി ടീം വീണ്ടും; പ്രഖ്യാപനം ഉടൻ?

മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ “പ്രേമം” എന്ന ചിത്രം എത്തിയത് 2015 ലാണ്. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി. ഇപ്പോഴിതാ ‘പ്രേമം’ റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം വീണ്ടും നിവിൻ പോളി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അൽഫോൺസ് പുത്രൻ എന്ന വാർത്തകളാണ് വരുന്നത്.

ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും വാർത്തകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേമത്തിന് ശേഷം ഏകദേശം ഏഴു വർഷത്തിന് ശേഷമാണ് അൽഫോൺസ്‌ പുത്രൻ തന്റെ മൂന്നാം ചിത്രമായ ‘ഗോൾഡ്’ ചെയ്തത്. എന്നാൽ പൃഥ്വിരാജ് നായകനായ ഈ ചിത്രം ബോക്സ് ഓഫീസിൽ തകർന്നിരുന്നു.

ഗോൾഡിന്റെ പരാജയത്തിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ താൻ സംവിധാന രംഗത്ത് നിന്ന് പിൻവാങ്ങുകയാണെന്നും അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹം സിനിമയിലേക്ക് തിരിച്ചു വരികയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനിടയിൽ നടനായി ചില ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ‘പ്രേമം’ ടീമിന്റെ കൂടിച്ചേരലുമായെത്തുന്ന ചിത്രം വൈകാതെ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ഡിയർ സ്റ്റുഡന്റസ്’, അരുൺ വർമ്മ ഒരുക്കിയ ‘ബേബി ഗേൾ’ എന്നിവ പൂർത്തിയാക്കിയ നിവിൻ ഇപ്പോൾ അഭിനയിക്കുന്നത് അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിലാണ്. ഇതിനു ശേഷം താമർ ഒരുക്കുന്ന ‘ഡോൾബി ദിനേശൻ’, തമിഴ് ചിത്രം ‘ബെൻസ്’, ആദിത്യൻ ചന്ദ്രശേഖർ ഒരുക്കുന്ന ‘മൾട്ടിവേഴ്സ് മന്മഥൻ’, ആര്യൻ രമണി ഗിരിജാവല്ലഭൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്നിവയും നിവിൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

മോഹൻലാൽ ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്?

അഭിനയരംഗത്തേക്ക് വിസ്മയ മോഹൻലാലും; ജൂഡ് ആന്റണിയ്ക്കും ആശിർവാദ് സിനിമാസിനും ഒപ്പം “തുടക്കം”