മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ വിസ്മയമാകാൻ പൃഥ്വിയുടെ ‘കാളിയൻ’; മോഷൻ പോസ്റ്റർ…

പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കാളിയാൻ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ആദ്യമെത്തിയ അപ്‌ഡേറ്റ് ഈ ചിത്രത്തിന്റെതാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ഒരു മോഷൻ പോസ്റ്റർ ആണ് കാളിയൻ ടീം പുറത്തുവിട്ടിരിക്കുന്നത്. ഒരു കുതിരപ്പുറത്ത് ഇരിക്കുന്ന പൃഥ്വിരാജിന്റെ കാളിയൻ എന്ന കഥാപാത്രത്തെ ആണ് മോഷൻ പോസ്റ്ററിൽ കാണാൻ കഴിയുക. വളരെ നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിച്ചു എന്ന് വരെ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് വന്നപ്പോൾ ആണ് പ്രോജക്ട് ഓൺ ആണെന്നും വൈകിയാലും ചിത്രം യാഥാർഥ്യമാകും എന്ന പ്രതീക്ഷ പ്രേക്ഷകർക്ക് ലഭിച്ചത്.
കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വിവരമായിരുന്നു മുൻപ് പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി എത്തിയ അപ്‌ഡേറ്റ്. പൃഥ്വിരാജ് ഉൾപ്പെടെയുള്ള കാളിയൻ ടീമിന് ഒപ്പമുള്ള രവി ബസ്രൂറിന്റെ ചിത്രവും അന്ന് പുറത്തുവന്നിരുന്നു. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൂൺ പ്രൊഡക്ഷന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് നിർമ്മിക്കുക. കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ സംഗീതത്തിന്റെ അകമ്പടിയോടെ ആണ് മോഷൻ പോസ്റ്റർ ഇപ്പോൾ എത്തിയിരിക്കുന്നത്. ബി ടി അനിൽകുമാർ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത് ബംഗ്ലാൻ ആണ്. കാളിയന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും എന്നാണ് വിവരം. മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ വിസ്‌മയമാകും എന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന് ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. മോഷൻ പോസ്റ്റർ: